ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ‘നിരുപാധികം മാപ്പ്’ പറഞ്ഞു. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു. തന്റെ മാപ്പപേക്ഷ സ്വീകരിച്ച് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ നേരത്തെ രാഹുല്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

റഫേല്‍ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുമെന്നും ഹര്‍ജിക്കാര്‍ ഹാജരാക്കിയ തെളിവുകള്‍ സ്വീകാര്യമാണെന്നും അത് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. രേഖകള്‍ വ്യാജമാണെന്നും അത് പരിശോധിക്കരുത് എന്നും ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളാണ് ചോര്‍ത്തിയത് എന്നും ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. ഇത് തള്ളിക്കൊണ്ടാണ് കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി വിധിയോട് പ്രതികരിച്ചത്.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ കേസ് നല്‍കിയത്. ഏപ്രില്‍ 15ന് ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുമടങ്ങിയ ബെഞ്ച് രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടി. താന്‍ രാഷ്ട്രീയ പ്രചാരണത്തിന്റെ ചൂടിലായിരുന്നുവെന്നും കോടതി പറഞ്ഞ ഒന്നിനേയും തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതല്ലെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സുപ്രീം കോടതി വിധി ആ സമയം താന്‍ കണ്ടിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തില്‍ പെട്ടെന്ന് പറഞ്ഞതാണെന്ന് രാഹുൽ വ്യക്തമാക്കി.

Read: വിവാദ പരാമർശം: മാപ്പ് പറയാൻ തയ്യാറെന്ന് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ

മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. വസ്തുതകള്‍ പരിശോധിക്കുന്നത് തടയാന്‍ കഴിയില്ലെന്ന കോടതി വിധി പൊതുവില്‍ സര്‍ക്കാരിന് തിരിച്ചടിയും ഹര്‍ജിക്കാരുടേയും റാഫേല്‍ കേസില്‍ അന്വേഷണം ആവശ്യപ്പെടുന്നവരുടേയും വിജയവുമായാണ് വിലയിരുത്തപ്പെടുന്നത്. കോടതി പറയാത്ത കാര്യങ്ങള്‍ പറഞ്ഞ് കോടതിയെ രാഷ്ട്രീയ കാര്യങ്ങളിലേയ്ക്ക് വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായി എതിരാളികള്‍ തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തതായി രാഹുല്‍ ഗാന്ധി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook