ന്യൂഡല്‍ഹി: റഫേല്‍ വിമാനങ്ങളുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയായെന്നും ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മൂലം രാജ്യത്തിനാണ് കഷ്ടത അനുഭവിക്കേണ്ടി വന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും ലക്ഷ്യം വച്ചു കൊണ്ടുള്ളതായിരുന്നു മോദിയുടെ പ്രതികരണം. ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

”പ്രിയപ്പെട്ട പ്രധാനമന്ത്രി, നിങ്ങള്‍ക്ക് നാണമില്ലേ? ജനങ്ങളുടെ 30000 കോടി മോഷ്ടിച്ച് കൂട്ടുകാരന്‍ അനില്‍ അംബാനിക്ക് കൊടുത്തിട്ട് ഇങ്ങനെ സംസാരിക്കാന്‍. റഫേല്‍ വിമാനം ലഭിക്കാന്‍ വൈകുന്നതില്‍ നിങ്ങളാണ് കാരണം. നിങ്ങള്‍ കാരണമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ പോലുള്ളവര്‍ക്ക് പഴയ ജെറ്റ് ഉപയോഗിക്കേണ്ടി വരുന്നത്” എന്നായിരുന്നു രാഹുലിന്റെ മറുപടി.

അഴിമതിയും തൊഴിലില്ലായ്മയും ആണ് രാജ്യം ഭരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ‘അച്ഛേ ദിന്‍’ കൊണ്ടു വരുമെന്ന് പറഞ്ഞതില്‍ നിന്ന് ‘കാവല്‍ക്കാരന്‍ കളളനാണ്’ എന്ന നിലയിലേക്ക് മോദിയുടെ പ്രതിച്ഛായ മാറിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.

മൊറാദാബാദില്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ‘ഇന്ത്യയുടെ മുഴുവന്‍ കാവല്‍ക്കാരേയും ഒരു കാവല്‍ക്കാരന്‍ അപകീര്‍ത്തിപ്പെടുത്തി. ഇന്ത്യയുടെ എല്ലാ കാവല്‍ക്കാരും സത്യസന്ധരാണ്. കാവല്‍ക്കാരന്‍ കളളനാണെന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകും അത് മോദിയെ കുറിച്ചാണെന്ന്. രാജ്യത്തെ സംരക്ഷിക്കുന്ന ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും , ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിന്നും 30,000 കോടി രൂപയാണ് മോദി തട്ടിപ്പറിച്ചത്. ആ പണം എന്നിട്ട് റഫാല്‍ കരാറിന്റെ പേരില്‍ വ്യവസായിയായ അനില്‍ അംബാനിക്ക് നല്‍കി,’ രാഹുല്‍ ആരോപിച്ചു.

നിങ്ങള്‍ക്ക് സത്യമറിയണമെങ്കില്‍ കോണ്‍ഗ്രസിന്റെ റാലികളിലേക്ക് വരണം. നുണയാണ് കേള്‍ക്കേണ്ടതെങ്കില്‍ നരേന്ദ്രമോദിയുടെ റാലികള്‍ക്ക് പോയാല്‍മതി. വായ്പാ തട്ടിപ്പു നടത്തി നാടുവിട്ട മെഹുല്‍ ചോക്സിയെ സഹോദരനെന്നും(മെഹുല്‍ ഭായ്) ജനങ്ങളെ സുഹൃത്തുക്കളെന്നുമാണ്(മിത്രോം) മോദി അഭിസംബോധന ചെയ്യുന്നത്’ എന്നും രാഹുല്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ