ന്യൂഡല്‍ഹി: ഒരു നല്ല പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുള്ള ആളാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് ആര്‍ജെഡി നേതാവ് തേജസ്വി പ്രതാപ്. രാഹുലിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബിജെപിയുടെ പ്രചാരണ സംഘം കോടികള്‍ ചെലവിട്ടുവെന്നും തേജസ്വി യാദവ് ആരോപിച്ചു.
എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യം സര്‍ക്കാരുണ്ടാക്കുമ്പോള്‍ ആരായിരിക്കും പ്രധാനമന്ത്രിയാകുക എന്നതിനെ കുറിച്ചാണ് തേജസ്വി യാദവ് സംസാരിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെക്കുറിച്ച് യാതൊരു ചോദ്യങ്ങളുടേയും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിക്കാന്‍ അത്രയേറെ പ്രചാരണങ്ങള്‍ നടന്നിട്ടും തന്റെ ഉത്സാഹം കൊണ്ടും കരുണകൊണ്ടും ഹൃദയവിശാലത കൊണ്ടും ജനഹൃദയങ്ങള്‍ കീഴടക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞു. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ വിജയവും പാര്‍ട്ടിയിലെ രാഹുലിന്റെ നേതൃത്വവും നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാതിരുന്ന 69 ശതമാനം ആളുകള്‍ക്കും ആത്മവിശ്വാസവും ഊര്‍ജവും നല്‍കിയതായും തേജസ്വി യാദവ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള ഒരു പാര്‍ട്ടിയുടെ നേതൃസ്ഥാനം വഹിക്കുന്ന, കഴിഞ്ഞ 15 വര്‍ഷമായി പാര്‍ലമെന്റിന്റെ ഭാഗമായ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ എല്ലാ യോഗ്യതയുമുണ്ടെന്ന് തേജസ്വി യാദവ് ചൂണ്ടിക്കാട്ടി. ‘അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് രാജ്യത്ത് അഞ്ച് മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നും, അവരെ നയിക്കുന്നത് അദ്ദേഹമാണെന്നും മറക്കരുത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തെ കുറിച്ച് ഒരിക്കലും ചോദിക്കരുത്,’ തേജസ്വി യാദവ് പറഞ്ഞു.