ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ മുദ്രാവാക്യത്തെ കളിയാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘ബിജെപി നേതാക്കളിൽനിന്നും മന്ത്രിമാരിൽനിന്നും എംഎൽഎമാരിൽനിന്നും നമ്മുടെ പെൺമക്കളെ രക്ഷിക്കൂ’വെന്ന് മുദ്രാവാക്യത്തെ മാറ്റണമെന്നാണ് രാഹുൽ അഭിപ്രായപ്പെട്ടത്. കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തെ പരാമർശിച്ചായിരുന്നു രാഹുലിന്റെ കളിയാക്കൽ.

”മോദിജി ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന നല്ലൊരു മുദ്രാവാക്യം നമുക്ക് നൽകി. നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിയെ ചോദ്യം ചെയ്യണം. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയ്ക്കുമേൽ ബലാത്സംഗ കുറ്റമുണ്ടായി. പക്ഷേ പ്രധാനമന്ത്രി അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. പ്രധാനമന്ത്രി മാത്രമല്ല, ഉത്തർപ്രദേശ് മുഖ്യമന്ത്രിയോ മധ്യപ്രദേശ് മുഖ്യമന്ത്രിയോ ഇതിനെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല,” മധ്യപ്രദേശിലെ ഷോപ്പൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ രാഹുൽ പറഞ്ഞു.

കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തെയും ബിജെപി ഉത്തർപ്രദേശ് എംഎൽഎ കുൽദീപ് സിങ് സെൻഗർ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിനെയും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമർശം.

എം.ജെ.അക്ബറിനെതിരെ ആറു വനിതാ മാധ്യമപ്രവർത്തകരാണ് ലൈംഗിക ആരോപണം ഉന്നയിച്ചത്. അക്ബറിനെതിരായ ആരോപണത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്നും മന്ത്രിസഭയിൽനിന്നും അദ്ദേഹം രാജിവയ്ക്കണമെന്നുമാണ് കോൺഗ്രസിന്രെ ആവശ്യം. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച അക്ബർ മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ അപകീർത്തി കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയാണ് ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ. ജൂൺ 11 ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കുൽദീപിന്റെ പേരുമുണ്ട്. കുൽദീപ് തന്റെ വീട്ടിൽവച്ച് ബലാത്സംഗം ചെയ്തുവെന്ന് 17 കാരിയാണ് ആരോപണം ഉന്നയിച്ചത്. എംഎൽഎയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുൻപിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സംഭവത്തിൽ രാജ്യത്താകമാനം പ്രതിഷേധം ഉയർന്നതോടെ കേസ് സർക്കാർ സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ