ന്യൂഡല്‍ഹി: പട്ടിണി അലട്ടുന്ന രാജ്യങ്ങളുടെ ആഗോളപട്ടികയിൽ നൈജീരിയക്കൊപ്പം ഇന്ത്യ 103-ാം സ്ഥാനത്തെത്തിയെന്ന ആഗോള സർവ്വേ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 119 പട്ടിണി രാജ്യങ്ങളിലാണ് ഇന്ത്യ 103-ാം സ്ഥാനത്തുളളത്. മോദി പ്രസംഗം നടത്തുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ മറന്നതായി രാഹുല്‍ കുറ്റപ്പെടുത്തി. ഇന്‍റർനാഷനൽ ഫുഡ് പോളിസി റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലാണ് ഇന്ത്യ നൈജീരിയക്കൊപ്പം ഇടം കണ്ടെത്തിയത്.

‘കാവല്‍ക്കാരന്‍ ഒരുപാട് പ്രസംഗങ്ങളാണ് നല്‍കുന്നത്. പക്ഷെ ജനങ്ങളുടെ വയറിനെ കുറിച്ച് അദ്ദേഹം മറന്നു. യോഗയൊക്കെ ചെയ്ത് അദ്ദേഹം ജീവിതം ആസ്വദിക്കുന്നു. പക്ഷെ ജനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ മറന്നുപോയി,’ രാഹുല്‍ കുറ്റപ്പെടുത്തി. 119 പട്ടിണി രാജ്യങ്ങളില്‍ 103ാം സ്ഥാനത്ത് ഇന്ത്യ എത്തിയത് വളരെ ഗുരുതരമായ പ്രശ്നമാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗേലത്ത് പറഞ്ഞു. നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘എന്‍ഡിഎ സര്‍ക്കാര്‍ അവരുടെ മുന്‍ഗണന എന്താണെന്ന് വ്യക്തമാക്കണം. മോദിയും സംഘവും ഒരിക്കലും പട്ടിണിയെ കുറിച്ച് സംസാരിച്ചിട്ടില്ല. അത്തരം പ്രശ്നങ്ങള്‍ അവതരിപ്പിക്കാത്ത ഇവരെങ്ങനെയാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുക. ആഗോള പട്ടിണിസൂചികയില്‍ ഇന്ത്യ 103ാം സ്ഥാനത്താണ് എന്നത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്. ഇത് വളരെ ഗുരുതരമായ പ്രശ്നമാണെന്ന് നമ്മള്‍ തിരിച്ചറിയണം. എന്നാല്‍ എന്‍ഡിഎയെ സംബന്ധിച്ച് പട്ടിണി ഒരു പ്രശ്നമായി അവര്‍ കാണുന്നില്ല,’ അശോക് കുറ്റപ്പെടുത്തി.

‘മോദിജിയും അദ്ദേഹത്തിന്റെ മന്ത്രിമാരും ഒരിക്കലും പാവപ്പെട്ടവരെ കുറിച്ചും പട്ടിണിക്കാരെ കുറിച്ചും പറയാറില്ല. ഇതിനെ കുറിച്ച് പറയാത്ത ഇവര്‍ വിശക്കുന്ന വയറുകളെ ഊട്ടുന്ന നയങ്ങള്‍ കൈക്കൊള്ളുമെന്ന് നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ. അയല്‍ രാജ്യങ്ങളായ ശ്രീലങ്ക (67ാം സ്ഥാനം), നേപ്പാള്‍ (72), ബംഗ്ലാദേശ് (86) എന്നിവര്‍ക്ക് പിന്നിലാണ് ഇന്ത്യ ഇപ്പോഴുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook