ന്യുഡല്‍ഹി: കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി ആപ്പില്‍ നിന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയിലേക്ക് ചോര്‍ത്തുവെന്ന വാര്‍ത്തയെ കുറിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

‘ഹായ് എന്റെ പേര് നരേന്ദ്രമോദി, ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക ആപ്പില്‍ നിങ്ങള്‍ സൈന്‍ അപ്പ് ചെയ്താല്‍ നിങ്ങളുടെ വിവരങ്ങള്‍ ഞാന്‍ അമേരിക്കന്‍ കമ്പനികളിലുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കും.’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പതിവുപോലെ തന്നെ ഇത്ര പ്രധാനപ്പെട്ട വാര്‍ത്ത മുക്കിയ മാധ്യമങ്ങള്‍ക്ക് നന്ദി പറയുന്നതായും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു. നരേന്ദ്ര മോദി ആപ്പില്‍ നിന്നും ഉപഭോക്താവിന്റെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിലേക്ക് ചോര്‍ത്തപ്പെടുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍.

ഫ്രഞ്ച് ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്‌സണാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം, കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം വന്‍ പൊട്ടിത്തെറികള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ നിന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ കമ്പനി ചോര്‍ത്തിയെന്നും ട്രംപിന്റെ തെരഞ്ഞെടുപ്പിന് ഇത് ഉപയോഗിച്ചെന്നുമായിരുന്നു വെളിപ്പെടുത്തല്‍. പിന്നാലെ കമ്പനിയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ ബിജെപിയുടെ ആരോപണങ്ങളെ നിരസിച്ച കോണ്‍ഗ്രസ് ബിജെപിയും ജെഡിയുവും കമ്പനിയുമായി ബന്ധപ്പെട്ട് ആരോപിക്കുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാപ്പ് ചോദിച്ച് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ