ദുബായ്: യുഎഇ സന്ദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിക്ക് ഗംഭീര വരവേൽപ്പാണ് പ്രവാസി ലോകം നൽകിയത്. രാഹുൽ പങ്കെടുത്ത പരിപാടിയിലെല്ലാം അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ജനങ്ങളുടെ വലിയ തിരക്കായിരുന്നു. യുഎഇ സന്ദർശനത്തിനിടയിൽ അവിടുത്തെ വിദ്യാർത്ഥികളുമായും രാഹുൽ ഗാന്ധി ആശയ വിനിമയം നടത്തിയിരുന്നു.

സംവാദത്തിനിടയിൽ വിദ്യാർത്ഥികളുടെ ഓരോ ചോദ്യത്തിനും രാഹുൽ മറുപടി നൽകി. അബുദാബിയിലെ സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിലെ അമല എന്ന പെൺകുട്ടിയുടെ ചോദ്യം രാഹുലിന് ഏറെ ഇഷ്ടമായി. അമലയുടെ ചോദ്യത്തിന് മറുപടി നൽകിയ രാഹുൽ അവളെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ട്രാൻസ്ജെൻഡറുകൾക്ക് പോലും ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യം നൽകുമ്പോൾ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് അത് കിട്ടുന്നുണ്ടോ എന്നായിരുന്നു അമലയുടെ ചോദ്യം. കുറേനേരം ആലോചിച്ചശേഷമാണ് രാഹുൽ ഇതിന് മറുപടി കൊടുത്തത്.

”ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കാണ് കൂടുതലും പ്രാധാന്യം നൽകിയിട്ടുള്ളത്. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ വനിതകൾക്ക് സംവരണമുണ്ട്. പ്രാദേശിക രാഷ്ട്രീയത്തിൽ സ്ത്രീകൾ വളരെയധികം പ്രവർത്തിക്കുന്നുണ്ട്. പക്ഷേ അത് ദേശീയ രാഷ്ട്രീയത്തിൽ സംഭവിക്കുന്നില്ല. ലോക്സഭയിലും രാജ്യസഭയിലും സ്ത്രീകൾക്ക് സംവരണം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതൊരു വലിയ സ്റ്റെപ്പാണ്. വടക്കേ ഇന്ത്യയിൽ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ കടന്നുവരവ് കുറവാണ്. പക്ഷേ തെക്കേ ഇന്ത്യയിൽ ഇത് കൂടുതലാണ്. ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഛത്തീസ്ഡഗ്, ജാർഖണ്ഡ് എന്നിവിടങ്ങളിലൊക്കെ സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് വരുന്നത് അപൂർവ്വമാണ്. ഇവിടങ്ങളിലൊക്കെ രാഷ്ട്രീയത്തിലേക്ക് സ്ത്രീകളെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അത് ബുദ്ധിമുട്ടുള്ള കാര്യവുമാണ്,” രാഹുൽ പറഞ്ഞു.

ചോദ്യത്തിന് മറുപടി നൽകിയശേഷമാണ് അമല എന്നാണ് പാർട്ടിയിൽ ചേരുന്നതെന്ന് രാഹുൽ ചോദിച്ചത്. രാഷ്ട്രീയം തനിക്ക് ഇഷ്ടമാണെന്നും തന്റെ പിതാവ് ഒരു രാഷ്ട്രീയക്കാരനാണെന്നും അമല മറുപടി നൽകി. രാഷ്ട്രീയത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഒരുപാട് പഠിക്കാനുണ്ടെന്നും പിന്തുണ വേണമെന്നും അമല പറഞ്ഞു. അമലയ്ക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ തന്റെ പ്രവർത്തകർ അതിനുള്ള പിന്തുണ നൽകുമെന്നായിരുന്നു രാഹുലിന്റെ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook