ഹൈദരാബാദ്: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ അധികം താമസമുണ്ടാകില്ലെന്ന് കോൺഗ്രസ്. ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്‍പ് ഇതുണ്ടാകുമോയെന്ന ചോദ്യം ശക്തമായിരിക്കെയാണ് ഏതാനും ദിവസങ്ങള്‍ക്കകം ഇതു സംബന്ധിച്ച ഉത്തരം ലഭിക്കുമെന്ന് വീരപ്പമൊയ്‌ലി പറഞ്ഞത്. സോണിയ ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധി സ്ഥാനം ഏറ്റെടുക്കുന്നത് പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ വൻവിജയ പ്രതീക്ഷയാണു കോണ്‍ഗ്രസിനുള്ളതെന്നും വീരപ്പമൊയ്‌ലി പറഞ്ഞു. കേന്ദ്ര–സംസ്ഥാന സർക്കാരിന്മേലും പ്രധാനമന്ത്രി മോദിയിലുമുള്ള വിശ്വാസം ഗുജറാത്തിലെ ജനങ്ങൾക്കു നഷ്ടമായി. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു ഫലം കൊടുങ്കാറ്റായി ബിജെപിക്കു മേൽ പതിക്കും. രാഹുൽ ഗാന്ധിയുടെ കീഴിൽ ഗുജറാത്തിൽ കോൺഗ്രസ് സ്വീകരിച്ച തന്ത്രങ്ങളായിരിക്കും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തമാക്കാനുള്ള നീക്കങ്ങളുടെ മാതൃകയെന്നും വീരപ്പമൊയ്‌ലി പറഞ്ഞു.

അതേസമയം, ജിഎസ്ടിക്കെതിരെ രൂക്ഷ വിമ‌ർശനവുമായി രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തി. ഗബാർ സിങ് ടാക്സ് രീതി ഇന്ത്യയിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ പറഞ്ഞു. ചെറുകിട വ്യവസായ സംരഭങ്ങളെ തകർക്കാനും അസംഘടിത മേഖലയെ ഇല്ലാതാക്കാനും നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേ‌‌ർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook