ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു. ഡല്‍ഹി എഐസിസി ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തുകൊണ്ടുളള അധികാര രേഖ മുഖ്യ വരണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ കൈമാറി.

നിരവധി ചരിത്രമൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തലമുറ മാറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷമാക്കി. സ്ഥാനമൊഴിഞ്ഞ സോണിയാ ഗാന്ധിക്കും പുതിയ പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹൻ സിങ് ആശംസയര്‍പ്പിച്ചു.

കോണ്‍ഗ്രസ് കണ്ട എക്കാലത്തേയും വലിയ പ്രതിസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്ന് പോകുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. എന്നാല്‍ മാറ്റത്തിന് തിരിതെളിക്കാന്‍ രാഹുലിന് കഴിയുമെന്നും രാഹുലിന്റെ കൈയില്‍ കോണ്‍ഗ്രസ് ഭദ്രമായിരിക്കുമെന്നും സോണിയ പറഞ്ഞു. ‘രാഹുല്‍ ചെറുപ്പത്തില്‍ തന്നെ ഏറെ പ്രശ്നങ്ങള്‍ നേരിട്ടയാളാണ്. രാഷ്ട്രീയത്തില്‍ വന്ന ശേഷം രാഹുല്‍ കൂടുതല്‍ കരുത്തനാക്കി. പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്റെ കൂടെ നിന്നിട്ടുണ്ട്. അവര്‍ രാഹുലിന് പിന്നിലും അണിനിരക്കുമെന്നാണ് വിശ്വാസം’, സോണിയഗാന്ധി വ്യക്തമാക്കി.

പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി. കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

133 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്ര പ്രധാനമായ രണ്ട് പതിറ്റാണ്ടിനാണ് സോണിയ ഗാന്ധിയുടെ പടിയിറക്കത്തോടെ വിരാമമാകുന്നത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ചാലും ഒരു അമ്മയായി കോണ്‍ഗ്രസിന് വേണ്ടി നിലകൊളളണമെന്ന് മുതിര്‍ന്ന നേതാവ് വീരപ്പമൊയ്‍ലി സോണിയയോട് ആവശ്യപ്പെട്ടു.

അഭിപ്രായ ഭിന്നതകള്‍ക്കും കനത്ത പരാജയങ്ങള്‍ക്കുമിടയിലും പാര്‍ട്ടിയെ ദീഘനാള്‍ നയിച്ചതിന്റെ റെക്കോര്‍ഡുമായാണ് സോണിയാ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ പദവി കൈമാറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ