ന്യൂഡല്‍ഹി: പണം വാങ്ങി രാഷ്ട്രീയ നേതാക്കളെ കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ തയ്യാറാക്കാനും വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും രാജ്യത്തെ ചില മാധ്യമങ്ങള്‍ തയ്യാറായെന്ന കോബ്രാ പോസ്റ്റിന്റെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ തന്‍റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി.
തന്നെ വെറുക്കുന്നവരെ ഒരിക്കലും താന്‍ വെറുക്കില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അവരെ സംബന്ധിച്ചടത്തോളം എല്ലാം ബിസിനസാണെന്നും വ്യാജ വാര്‍ത്തകളും വാര്‍ത്തകളെ വളചൊടിച്ചും നല്‍കി അവര്‍ തനിക്കെതിരെ വെറുപ്പ് സൃഷ്ടിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, തന്നെ കുറിച്ച് നുണകള്‍ പ്രചരിപ്പിച്ച് അവര്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നു എന്നത് അനുഗ്രഹവും ആദരവുമായി കാണുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി എന്നിവര്‍ക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കാനും ‘പപ്പു’ എന്ന തരത്തിലുള്ള പരിഹാസം പ്രചരിപ്പിക്കാനും ചില മാധ്യമങ്ങള്‍ തയ്യാറായെന്നായിരുന്നു കോബ്രാ പോസ്റ്റിന്റെ വെളിപ്പെടുത്തല്‍.
പണം കൈപ്പറ്റിക്കൊണ്ട് വര്‍ഗീയത പ്രചരിപ്പിക്കാന്‍ തയ്യാറായ പതിനേഴ് ഇന്ത്യന്‍ മാധ്യമങ്ങളുടെ പേരും വിവരങ്ങളുമാണ് കോബ്രാ പോസ്റ്റ് പുറത്തുവിട്ടത്. സ്വന്തം വിശദാംശങ്ങള്‍ വെളിപ്പെടുത്താതെയാണ് വര്‍ഗീയത പ്രചരിപ്പിക്കണമെന്ന ആവശ്യവുമായി കോബ്രാ പോസ്റ്റ് ഈ മാധ്യമങ്ങളെ സമീപിച്ചത്. ഇത്രയും മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ബില്ലില്ലാതെ പണം കൈപ്പറ്റിക്കൊണ്ട് വര്‍ഗീയത പ്രചരിപ്പിക്കാന്‍ തയ്യാറായി എന്നാണ് കോബ്രാപോസ്റ്റ് പുറത്തുവിട്ട വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. ഡിഎന്‍എ, ദൈനിക് ജാഗ്രണ്‍, അമര്‍ ഉജാല, ഇന്ത്യാ ടിവി, സ്‌കൂപ്വൂപ് എന്നിവര്‍ ഇതില്‍ പെടുന്നു.
ഓപറേഷന്‍ 136 എന്നാണ് കോബ്രാപോസ്റ്റ് നടത്തിയ ഈ അന്വേഷണ പരമ്പരയുടെ പേര്. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ പുറത്തുവിട്ട പട്ടികയില്‍ 136-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ആചാര്യ അടല്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് മാധ്യമപ്രവര്‍ത്തകനായ പുഷപ് ശര്‍മ വിവിധ മാധ്യമങ്ങളെ സമീപിച്ചത്. ഉജ്ജയിനിയിലെ ആശ്രമത്തിന്റെ പ്രതിനിധി ആണെന്നും ശ്രീമദ് ഭഗവത് ഗീതാ പ്രചരണ സമിതിയുടെ ആളാണ് എന്നും പറഞ്ഞായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ സ്വയം പരിചയപ്പെടുത്തിയത്.
പതിനേഴ് മാധ്യമ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ ആചാര്യ അടലിന്റെ ‘മൃദു ഹിന്ദുത്വ’ അജണ്ട പ്രചരിപ്പിക്കാന്‍ തയ്യാറായി എന്നാണ് വീഡിയോയില്‍ വെളിപ്പെടുന്നത്. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി എന്നീ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും അരുണ്‍ ജെയ്റ്റ്ലി, മനോജ് സിന്‍ഹ, ജയന്ത് സിന്‍ഹ, മേനക ഗാന്ധി, വരുണ്‍ ഗാന്ധി എന്നീ ബിജെപി നേതാക്കളെയും മോശമായ രീതിയില്‍ ചിത്രീകരിക്കാനും തയ്യാറാണ് എന്ന് ഈ മാധ്യമങ്ങള്‍ അറിയിക്കുന്നുണ്ട്.