ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാട് തള്ളി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാണ് തന്റെ നിലപാടെന്ന് രാഹുല്‍ വ്യക്തമാക്കി. എക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു രാഹുലിന്‍റെ പ്രതികരണം.

പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാട്. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം. ശബരിമല വൈകാരിക വിഷയമാണെന്നാണ്  കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട്, പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങണമെന്നും രാഹുല്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാന്‍ അവകാശമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനവികാരം കണക്കിലെടുത്താണ് കെപിസിസി അത്തരത്തിലൊരു തീരുമാനം എടുത്തത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് അവരുടെ തീരുമാനം. എന്നാല്‍ വ്യക്തിപരമായി തനിക്ക് ആ അഭിപ്രായമല്ലെന്നും രാഹുല്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരെയുള്ള സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കോടതിയില്‍ സ്വീകരിച്ച അതേ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതോടെ കെപിസിസി നിലപാട് പരസ്യമായി തന്നെ തള്ളിയിരിക്കുകയാണ് ദേശീയ അധ്യക്ഷന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ