ഗോവ: സൗത്ത് ഗോവയിലെ പ്രശസ്തമായ സീഫുഡ് റസ്റ്ററന്റിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അമ്മ സോണിയ ഗാന്ധിയെയും കണ്ടത് ജീവനക്കാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. രാഹുലിന്റെയും സോണിയയുടെയും അപ്രതീക്ഷിത സന്ദർശനത്തിൽ ജീവനക്കാർ മാത്രമല്ല ഭക്ഷണം കഴിക്കാനെത്തിയവരും അമ്പരന്നു പോയി. ഉച്ചഭക്ഷണം കഴിക്കാനാണ് സോണിയയും രാഹുലും റസ്റ്ററന്റിൽ എത്തിയത്.

ഡൽഹിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കുശേഷം മൂന്നു ദിവസത്തെ സ്വകാര്യ സന്ദർശനത്തിനാണ് രാഹുലും സോണിയയും ഗോവയിലെത്തിയത്. ഉച്ചഭക്ഷണത്തിനായി ഇരുവരും തിരഞ്ഞെടുത്തത് ഗോവയിലെ പ്രശസ്തമായ സീഫുഡ് റസ്റ്ററന്റ്. ബ്ലൂ ടീ ഷർട്ടായിരുന്നു രാഹുൽ ധരിച്ചിരുന്നത്. റസ്റ്ററന്റിലെത്തിയ സോണിയയും രാഹുലും അവിടെയുണ്ടായിരുന്നവർക്ക് ഒപ്പം ചിത്രങ്ങളും സെൽഫിയുമെടുത്താണ് മടങ്ങിയത്.

സുരക്ഷാ ജീവനക്കാർ ഒപ്പമില്ലാതെയാണ് രാഹുലും സോണിയയും റസ്റ്ററന്റിലെത്തി ഉച്ചഭക്ഷണം കഴിച്ചതെന്ന് ഗോവ സ്വദേശിയായ ദന്ത ഡോക്ടർ രചന ഫെർണാണ്ടസ് ഐഎഎൻഎസിനോട് പറഞ്ഞു. രാഹുലിനൊപ്പം ഫൊട്ടോ എടുക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ, എന്റെ ബിൽ കൂടി രാഹുൽ കൊടുക്കാമെന്ന് സമ്മതിച്ചാൽ ഫൊട്ടോ എടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒടുവിൽ എന്റെ ബിൽ കൂടി രാഹുൽ കൊടുത്തശേഷമാണ് അദ്ദേഹം എനിക്കൊപ്പം ഫൊട്ടോ എടുത്തതെന്ന് രചന പറഞ്ഞു. മോശമായ രാഷ്ട്രീയ ലോകത്തിൽ അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും രചന പറഞ്ഞു. രാഹുലിനൊപ്പമുള്ള ഫൊട്ടോ രചന തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

Awed by his charm and modesty #rahulgandhi

A post shared by Rachna Fernandes (@rachna_the_dentist_fernandes) on

മൂന്നു ദിവസത്തെ സ്വകാര്യ സന്ദർശനത്തിനാണ് സോണിയയും രാഹുലും ഗോവയിൽ എത്തിയതെന്ന് ഗോവ കോൺഗ്രസ് വക്താവ് പറഞ്ഞു. സൗത്ത് ഗോവയിലെ ഫൈവ് സ്റ്റാർ റിസോർട്ടിലാണ് ഇരുവരുടെയും താമസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook