ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയും തൊഴിലില്ലായ്മയും ആണ് രാജ്യം ഭരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ‘അച്ഛേ ദിന്‍’ കൊണ്ടു വരുമെന്ന് പറഞ്ഞതില്‍ നിന്ന് ‘കാവല്‍ക്കാരന്‍ കളളനാണ്’ എന്ന നിലയിലേക്ക് മോദിയുടെ പ്രതിച്ഛായ മാറിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.

മൊറാദാബാദില്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ‘ഇന്ത്യയുടെ മുഴുവന്‍ കാവല്‍ക്കാരേയും ഒരു കാവല്‍ക്കാരന്‍ അപകീര്‍ത്തിപ്പെടുത്തി. ഇന്ത്യയുടെ എല്ലാ കാവല്‍ക്കാരും സത്യസന്ധരാണ്. കാവല്‍ക്കാരന്‍ കളളനാണെന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകും അത് മോദിയെ കുറിച്ചാണെന്ന്. രാജ്യത്തെ സംരക്ഷിക്കുന്ന ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും , ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിന്നും 30,000 കോടി രൂപയാണ് മോദി തട്ടിപ്പറിച്ചത്. ആ പണം എന്നിട്ട് റഫാല്‍ കരാറിന്റെ പേരില്‍ വ്യവസായിയായ അനില്‍ അംബാനിക്ക് നല്‍കി,’ രാഹുല്‍ ആരോപിച്ചു.

നിങ്ങള്‍ക്ക് സത്യമറിയണമെങ്കില്‍ കോണ്‍ഗ്രസിന്റെ റാലികളിലേക്ക് വരണം. നുണയാണ് കേള്‍ക്കേണ്ടതെങ്കില്‍ നരേന്ദ്രമോദിയുടെ റാലികള്‍ക്ക് പോയാല്‍മതി. വായ്പാ തട്ടിപ്പു നടത്തി നാടുവിട്ട മെഹുല്‍ ചോക്‌സിയെ സഹോദരനെന്നും(മെഹുല്‍ ഭായ്) ജനങ്ങളെ സുഹൃത്തുക്കളെന്നുമാണ്(മിത്രോം) മോദി അഭിസംബോധന ചെയ്യുന്നത്’ എന്നും രാഹുല്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ