ന്യൂഡല്‍ഹി: ഭാരത് ജോഡൊ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ ഡല്‍ഹി പൊലീസ് നല്‍കിയ നോട്ടീസിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. നാല് പേജുള്ള മറുപടിയാണ് രാഹുല്‍ നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.
“സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. സംഭവം നടന്നിട്ട് 45 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്നാം തവണയും ഡല്‍ഹി പൊലീസ് എത്തിയതോടെയാണ് 10 പോയിന്റുകള്‍ ചൂണ്ടിക്കാണിച്ചുള്ള രാഹുലിന്റെ മറുപടി. വിശദമായ മറുപടി നല്‍കുന്നതിനായി എട്ട് മുതല്‍ 10 ദിവസം വരെ സമയവും രാഹുല്‍ ചോദിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സ്പെഷ്യല്‍ കമ്മിഷണര്‍ ഓഫ് പൊലീസ് (ലൊ ആന്‍ഡ് ഓര്‍ഡര്‍) സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ പത്ത് മണിയോടെ രാഹുലിന്റെ തുഗ്ലക്ക് ലെയിനിലുള്ള വസതിയിലെത്തിയിരുന്നു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് അന്വേഷണ സംഘത്തിന് രാഹുലുമായി സംസാരിക്കാന്‍ കഴിഞ്ഞത്.
“സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന് ഞാൻ കേള്‍ക്കുന്നു” എന്ന് ശ്രീനഗറിൽ വച്ച് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ പറഞ്ഞതായാണ് പോലീസിന്റെ വിശദീകരണം. യാത്ര ഡൽഹിയിലൂടെയും കടന്നുപോയതിനാൽ, ഇരകൾ ആരെങ്കിലും രാഹുലിനെ സമീപിച്ചിട്ടുണ്ടൊ എന്നറിയുന്നതിനായാണ് പൊലീസിന്റെ ശ്രമം.
ഇരകളുടെ വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ അവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നും അതിനാലാണ് രാഹുലിനോട് വിവരങ്ങള്‍ തേടിയതെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.