ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നെഹ്‌റു കുടുംബത്തിനുള്ള എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു വയനാട് എം.പി തനിക്കും കുടുംബത്തിനും ഇത്രയും നാള്‍ സുരക്ഷാകവചം തീര്‍ത്തവര്‍ക്ക് നന്ദി പറഞ്ഞത്.

Also Read: നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കുന്നു; വ്യക്തിവൈരാഗ്യമെന്ന് കോണ്‍ഗ്രസ്

”വര്‍ഷങ്ങളായി എന്നേയും കുടുംബത്തേയും സംരക്ഷിക്കാനായി വിശ്രമമില്ലാതെ ജോലി ചെയ്ത എസ്.പി.ജിയിലെ എല്ലാ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും നന്ദി. നിങ്ങളുടെ ആത്മാര്‍ത്ഥയ്ക്കും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. അതില്‍ അഭിമാനിക്കുന്നു. മഹത്തായൊരു ഭാവി ആശംസിക്കുന്നു” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

സിആര്‍പിഎഫ് ദപ്ലസ് സുരക്ഷയായിരിക്കും ഇനി നെഹ്റു കുടുംബത്തിന് ലഭിക്കുക. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷയാണ് മാറ്റാന്‍ തീരുമാനിച്ചത്. നിലിവിലെ സാഹചര്യത്തില്‍ നെഹ്റു കുടുംബം സുരക്ഷാ ഭീഷണി നേരിടുന്നില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ അവലോകന യോഗത്തിന്റെ വിലയിരുത്തല്‍. നിലവില്‍ പ്രധാനമന്ത്രിയ്ക്കും നെഹ്റു കുടുംബത്തിനും മാത്രമാണ് എസ്പിജി സുരക്ഷ നല്‍കുന്നത്. ഇനി എസ്പിജി സുരക്ഷ ലഭിക്കുന്നത് പ്രധാനമന്ത്രിയ്ക്ക് മാത്രമായിരിക്കും.

Read More: എന്താണ് എസ്.പി.ജി? സുരക്ഷ ലഭിക്കുന്നത് ആര്‍ക്കെല്ലാം?

ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുത്തത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ എടുത്തുമാറ്റി മാസങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നടപടി. മന്‍മോഹനെതിരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook