ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തു. സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് രാഹുൽ ഗാന്ധിയെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും മുതിർന്ന നേതാക്കളിൽ നിന്നുമായി 89 പത്രികകളാണു രാഹുലിനെ നാമനിർദേശം ചെയ്തുകൊണ്ടു ലഭിച്ചത്. രാഹുലിന് എതിർ സ്ഥാനാർഥികളില്ലായിരുന്നു. തിരഞ്ഞെടുപ്പ് വരണാധികാരിയാണ് രാഹുൽ ഗാന്ധിയെ വിജയിയായി പ്രഖ്യാപിച്ചത്.

കോൺഗ്രസ് അധ്യക്ഷനായുള്ള രാഹുൽ ഗാ‌‌ന്ധിയുടെ ‌സ്ഥാനാരോഹണം ഈ മാസം 16 നായിരിക്കും നടക്കുക. പതിനാലിനു സ്ഥാനമേൽക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, കേരളത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്ക’ത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി തീയതി മാറ്റുകയായിരുന്നു.

19 വർഷത്തിന് ശേഷമാണ് കോൺഗ്രസിൽ അധികാരമാറ്റം ഉണ്ടാകുന്നത്. കോൺഗ്രസ് ചരിത്രത്തിലെതന്നെ രണ്ടാമത്തെ ചരിത്രസംഭവമാകുന്ന തലമുറകൈമാറ്റം കൂടിയാണിത്. 1929ൽ ലഹോറിലെ കോൺഗ്രസ് സമ്മേളനത്തിലാണ് പ്രസിഡന്റ് മോട്ടിലാൽ നെഹ്റുവിൽനിന്നു മകനായ ജവഹർ ലാൽ നെഹ്റു അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. 88 വർഷങ്ങൾക്കുശേഷമാണ് സമാനമായ ഒരു തലമുറകൈമാറ്റം ഇപ്പോൾ സംഭവിച്ചത്. ഇത്തവണ സോണിയ ഗാന്ധിയിൽനിന്നാണ് മകനായ രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook