പൂനെ: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് സ്ഥിരത ഇല്ലെന്ന വിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ്‌ പവാര്‍. രാഹുലിനെ നേതാവായി രാജ്യം സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ശരദ്‌ പവാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മറാത്തി ദിനപത്രമായ ലോക്മത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇക്കാര്യത്തിൽ ചില ചോദ്യങ്ങളുണ്ട്. സ്ഥിരത കുറവാണെന്ന് തോന്നുന്നു,” ശരദ് പവാർ പറഞ്ഞു.

രാഹുലിനെക്കുറിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഉന്നയിച്ച വിമര്‍ശനങ്ങളെക്കുറിച്ചും പവാര്‍ പ്രതികരിച്ചു. ഒരു വിഷയത്തിലും താല്‍പര്യമില്ലാത്തയാളാണ് രാഹുല്‍ എന്നായിരുന്നു ഒബാമ രാഹുലിനെക്കുറിച്ച് ‘A Promised Land’ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചത്.

“എല്ലാവരുടേയും അഭിപ്രായത്തെ വിലക്കെടുക്കേണ്ട ആവശ്യമില്ല, എല്ലാവരും ഒരു പരിധി സൂക്ഷിക്കേണ്ടതുണ്ട്‌. എന്നാല്‍ ഒബാമ ആ പരിധി വിട്ടുവെന്നാണ് തനിക്ക് തോന്നുന്നത്,” പവാര്‍ പറഞ്ഞു.

കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചും രാഹുല്‍ ഗാന്ധി പാർട്ടിയുടെ വളര്‍ച്ചയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതിബന്ധമാണോ എന്നുമുള്ള ചോദ്യത്തിന് “ഏത് പാര്‍ട്ടിയുടേയും നേതൃത്വം എന്നത് അവര്‍ക്ക്‌ ആ പാര്‍ട്ടിക്കുള്ളില്‍ ലഭിക്കുന്ന സ്വീകാര്യതയെ അടിസ്ഥാനപ്പെടുത്തിയാവു”മെന്നായിരുന്നു മറുപടി.

മഹാരാഷ്ട്രയുടെ മാതൃകയില്‍ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് പവാര്‍ പറഞ്ഞു. നേതാവ് എന്ന രീതിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്ഥിരത ഇല്ലാത്തതാണ് കാരണം. കോണ്‍ഗ്രസിലെ മുതിര്‍ന്ന പരിചയ സമ്പന്നരായ നേതാക്കള്‍ക്ക് പോലും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന രീതിയില്‍ എതിര്‍പ്പുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയരുമ്പോള്‍ രാഹുലിന് മറ്റ് പാര്‍ട്ടികളുടെയെല്ലാം കൂട്ടായ്മയുടെ നേതൃപദവി വഹിക്കാന്‍ സാധിക്കില്ലെന്നും പവാര്‍ വിമര്‍ശിച്ചു.

കോൺഗ്രസ് മേധാവി സോണിയ ഗാന്ധിയുമായും കുടുംബവുമായും എനിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെങ്കിലും ഇന്നും കോൺഗ്രസുകാർക്ക് ഗാന്ധി-നെഹ്‌റു കുടുംബത്തോട് സ്‌നേഹമുണ്ട്,” രണ്ട് പതിറ്റാണ്ട് മുമ്പ് നേതൃത്വ പ്രശ്‌നത്തിൽ കോൺഗ്രസ് വിട്ട എൻസിപി മേധാവി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ടതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

Read More: ‘എല്ലാവർക്കും വാക്സിൻ ഇല്ല’; പ്രധാനമന്ത്രി നയം വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook