ന്യൂഡൽഹി: മഴക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിനായി റിസർവ് ബാങ്ക് ഗവർണർക്ക് കത്തയച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ലോണുകൾ തിരിച്ചടയ്ക്കാനുള്ള മോറട്ടോറിയം നീട്ടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് രാഹുൽ ഗാന്ധി കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും കേരളം നൂറ്റാണ്ടിലെ പ്രളയത്തെ നേരിട്ടതാണെന്നും രാഹുൽ കത്തിൽ വ്യക്തമാക്കുന്നു
Also Read: വയനാടിന് വേണ്ടി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി
” കഴിഞ്ഞ വർഷം നൂറ്റാണ്ടിലെ പ്രളയത്തിനാണ് കേരളം സാക്ഷിയായത്. അതുകൊണ്ട് തന്നെ ലോണുകൾ തിരിച്ചടയ്ക്കാനുള്ള മോറട്ടോറിയം 2019 ഡിസംബർ വരെ നീട്ടണം,” രാഹുൽ കത്തിൽ ആവശ്യപ്പെട്ടു. ലോണുകൾ തിരിച്ചടപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ നടപടിക്രമങ്ങളിൽ മനംനൊന്ത് നിരവധി കർഷകർ ആത്മഹത്യ ചെയ്ത സംഭവവും രാഹുൽ റിസർവ് ബാങ്ക് ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാടാണ് ഇത്തവണ മഴ കൂടുതൽ നാശം വിതച്ച സ്ഥലങ്ങളിൽ ഒന്ന്. വയനാട്ടിലെയും കേരളത്തിലെയും കാലവര്‍ഷക്കെടുതിയെയും ദുരന്തങ്ങളെയും കുറിച്ചു വിവരിച്ച് രാഹുല്‍ ഗാന്ധി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വയനാട് ജില്ലയിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് രാഹുല്‍ ഗാന്ധി കത്തില്‍ വിവരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് ജീവിതം നഷ്ടമായി എന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.
കേരളത്തിലെ കർഷകരുടെ വായ്പ തിരിച്ചടവിന്റെ കാലാവധി നീട്ടികൊടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ശ്രീ രാഹുൽ ഗാന്ധി റിസർവ് ബാങ്ക് ഗവർണർക്ക് കത്തെഴുതി.
Shri @RahulGandhi writes to RBI Governor regarding the extension of loan repayment for farmers in Kerala. pic.twitter.com/SfkKuUdzSl
— Rahul Gandhi – Wayanad (@RGWayanadOffice) August 14, 2019
പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും പ്രത്യേക പാക്കേജ് വേണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പ്രത്യേക സംവിധാനം ആവശ്യമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഇതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനും വരുന്ന നഷ്ടം കുറയ്ക്കാനാകുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.