ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കുന്നതിന് പിന്തുണ തേടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കഴിഞ്ഞ 8 വർഷമായി ബിൽ ലോക്‌സഭയിൽ കെട്ടിക്കിടക്കുകയാണെന്നും 2014 ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ പ്രധാനമായ ഒന്നായിരുന്നു വനിതാ സംവരണ ബില്ലെന്നും രാഹുൽ കത്തിൽ പറയുന്നു.

വനിതകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ചും അവർക്ക് മെച്ചപ്പെട്ട ജീവിതനിലവാരം നൽകുന്നതിനെക്കുറിച്ചുമാണ് പ്രധാനമന്ത്രി എല്ലാ റാലികളിലും സംസാരിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനാണ് നിങ്ങളുടെ ശ്രമമെങ്കിൽ വനിതാ സംവരണബിൽ പാസാക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണ വാഗ്‌ദാനം ചെയ്യുകയാണ് വേണ്ടത്. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ തന്നെ അത് പാസാക്കണം. ഇനിയും അത് പാസാക്കുന്നതിന് കാലതാമസം വരുത്തരുതെന്ന് രാഹുൽ കത്തിൽ പറയുന്നു. ജൂലൈ 18 മുതൽ ഓഗസ്റ്റ് 10 വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം.

1996 ലാണ് വനിതാ സംവരണ ബിൽ ആദ്യമായി പാർലമെന്റിന്റെ പരിഗണനയിൽ വരുന്നത്. രാഷ്ട്രീയ പിന്തുണ കിട്ടാതിരുന്നതിനെ തുടർന്ന് അന്ന് ബിൽ പരാജയപ്പെട്ടു. 1998 ൽ വാജ്‌പേയി സര്‍ക്കാര്‍ ബിൽ പാര്‍ലമെന്റില്‍ എത്തിച്ചു. പക്ഷേ ബിൽ പാസാക്കിയെടുക്കാൻ സർക്കാരിന് സാധിച്ചില്ല. 2010 ൽ യുപിഎ സർക്കാരിന്രെ കാലത്ത് ബിൽ രാജ്യസഭയിൽ പാസാക്കിയിരുന്നു. എന്നാൽ ലോക്‌സഭയിൽ ബിൽ പാസാക്കിയെടുക്കാൻ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുളള സർക്കാരിന് കഴിഞ്ഞില്ല.

യുപിഎ സഖ്യകക്ഷികളായ സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍ ലോക്‌സഭയിൽ പാസാക്കാൻ കഴിയാതെ പോയത്. നിലവില്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ഇതുവരെ ലാപ്‌സായിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ