ന്യൂഡല്‍ഹി:കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. കോര്‍പറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മല്‍സരമായിരുന്നു കര്‍ണാടകയില്‍ നടന്നതെന്നും ജയം സാധാരണ ജനങ്ങള്‍ക്കുതന്നെയാണെന്നും രാഹുല്‍ ഗാന്ധി. എല്ലാ സംസ്ഥാനങ്ങളിലും ഇതാവര്‍ത്തിക്കും. കര്‍ണാടകയിലെ ജനങ്ങളുടെ ആഗ്രഹമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുണ്ടാകും. വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു. കര്‍ണാടകയില്‍ സ്‌നേഹത്തിന്റെ കട തുറന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ പോരാടിയത്, തന്റെ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ പാര്‍ട്ടി നിറവേറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയില്‍ മത്സരിച്ച സിപിഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇവിടെയും കോണ്‍ഗ്രസ് തന്നെ വിജയിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ആറ് ശതമാനം വോട്ട് വര്‍ധനയാണ് കോണ്‍ഗ്രസിന് ഉണ്ടായത്. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്ന ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ മാത്രം ആകെയുള്ള 61 സീറ്റില്‍ 35 ഉം കോണ്‍ഗ്രസ് നേടി. മധ്യ കര്‍ണാടകയില്‍ 25 ല്‍ 16 സീറ്റും ഹൈദരാബാദ് കര്‍ണാടകയില്‍ 41 ല്‍ 23 സീറ്റും കോണ്‍ഗ്രസ് നേടി. വടക്കന്‍ കര്‍ണാടകയില്‍ അന്‍പതില്‍ 32 സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. തീരമേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റില്‍ 29 എണ്ണം ബിജെപി നേടി.