ന്യൂഡല്‍ഹി: ധനമന്ത്രിയുടെ പ്രതിഭയും പ്രധാനമന്ത്രിയുടെ മൊത്ത ഭിന്നപ്പിക്കൽ രാഷ്ട്രീയവും (ജി ഡി പി) ചേർന്ന് ഇന്ത്യക്ക് നൽകിയതെന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് പ്രസിഡന്ര് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ആരംഭിക്കുന്നത്.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്രെ വളർച്ചാനിരക്ക് ഈ വർഷവും താഴുമെന്ന സെൻട്രൽ സ്റ്റാറ്റസ്റ്റിക്സ് ഓഫീസിന്രെ വിലയിരുത്തൽ വന്നതിന് പിന്നാലെയാണ് കോൺഗ്രസ് പ്രസിഡന്ര് രാഹുൽ ഗാന്ധിയുടെ പരിഹാസം. സാമ്പത്തിക മേഖലയിലെ നിരാശാജനകമായ പ്രകടനത്തിന് ധനമന്ത്രി അരുൺ ജെയ്‌റ്റിലിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറിക്കുകൊളളുന്ന വാചകങ്ങളിലാണ് രാഹുൽ കളിയാക്കിയത്.

കോൺഗ്രസ്സ് പ്രസിഡന്ര് തന്രെ ട്വീറ്റിലാണ് സാമ്പത്തികമാന്ദ്യത്തിന് ഇരുവരുടെ നേരെയും വിമർശനത്തിന്രെ അന്പ തൊടുത്ത് വിട്ടത്. കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് സി എസ് ഒ കണക്കുകൾ പറുയുന്നു.

കാർഷിക നിർമ്മാണ മേഖലകളിൽ കനത്ത തിരിച്ചടിയാണ് സംഭവിക്കുയെന്നാണ് വിലയിരുത്തപ്പെടുന്നത്. നോട്ട് നിരോധനം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും ഉൽപ്പാദന മേഖലകൾക്ക് ഇതുവരെ തിരിച്ചുവരാൻ സാധിക്കാത്തത് വളർച്ചാനിരക്കിനെ ബാധിക്കുന്നതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് പുറമെ ചരക്ക് സേവന നികുതി കൂടിവന്നപ്പോൾ ആഘാതത്തിന്രെ തോത് കൂടുതൽ ശക്തമായതാണ് വിലയിരുത്തപ്പെടുന്നത്. മുൻ വർഷത്തേക്കാൾ പകുതിയിൽ താഴെ വളർച്ചാനിരക്ക് മാത്രമാണ് കാർഷിക മേഖലയിൽ ഉണ്ടാകുകയെന്നാണ് കരുതുന്നത്. നിർമ്മാണ മേഖലയിലും സമാനമായ ഇടിവാണ് കാണിക്കുന്നത്. കാർഷിക മേഖലയിലെ 4.9 ശതമാനം വളർച്ചാനിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ സാമ്പത്തികവർഷമാണ്. ഈ വർഷം അത് 2.1 ശതമാനാമായി കുറയുമെന്നാണ് കരുതുന്നത്. നിർമ്മാണ മേഖലയിൽ മുൻവർഷത്തെ 7.9 ശതമാനത്തിൽ നിന്നും 4.6 ശതമാനമായിട്ടായിരിക്കും ഇത് ചുരുങ്ങുകയെന്നാണ് .

ഗ്രോസ് വാല്യൂ അഡഡ് ( ജി വി എ)യും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ സാമ്പത്തിക വർഷം ഇത് 6.6 ശതമാനം ആയിരുന്നുവെങ്കിൽ 2018ലെ പ്രതീക്ഷിത നിരക്ക് 6.1 ശതമാനം ആണ്.

നേരത്തെ തന്നെ സാമ്പത്തിക വിദ്ഗ്‌ദർ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് ഏഴ് ശതമാനത്തിൽ താഴെയാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കയിതും നോട്ട് നിരോധനത്തിന്രെ ഇപ്പോഴും അവസാനിക്കാത്ത പ്രശ്നങ്ങളും ആണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. 2015-16 ൽ സമ്പദ് വ്യവസ്ഥയിലെ വളർച്ചാനിരക്ക് എട്ട് ശതമാനമായിരുന്നു. 2016- 17 ൽ ഇന്ത്യൻ സന്പദ് വ്യവസ്ഥയിലെ വളർച്ചാ നിരക്ക് 7.1 ശതമാനമായി കുറഞ്ഞിരുന്നു.

ജൂലൈ – സെപ്തംബർ പാദത്തിൽ ജി ഡി പിയിൽ നേരിയ ഉണർവ് കാണിച്ചിരുന്നു. അഞ്ച് പാദങ്ങളിൽ തുടർച്ചയായി നേരിട്ട തകർച്ചയ്ക്കു ശേഷമായിരുന്നു ഇത്.

കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് 2017 ജൂണിൽ രേഖപ്പെടുത്തിയ 5.7 ശതമാനം. സെപ്തബറിലെ പാദത്തിൽ ഈ വളർച്ചാ നിരക്ക് 6.3 ശതമാനമായി. 2017-18 ലെ ആദ്യ പകുതിയിലെ ജി ഡി പി വളർച്ചാനിരക്ക് ആറ് ശതമാനമായിരുന്നു. ഇത് 6.5 ശതമാനം മുതൽ 6.8 ശതമാനം വരെ പ്രതീക്ഷിത വളർച്ചാനിരക്കിനേക്കാൾ കുറവായിരുന്നു. 2016-17 ൽ വളർച്ചാ നിരക്ക് 7.1 ശതമാനമായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ