ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് സ്നേഹം മാത്രമാണുളളതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നെയും എന്റെ അച്ഛനെയും കുറിച്ച് അവർ മോശമായി പറയുമ്പോൾ എനിക്കവരെ ഒന്നുകിൽ വെറുക്കാം അല്ലെങ്കിൽ ഇപ്പോഴത്തെക്കാൾ കൂടുതലായി സ്നേഹിക്കാം. ഈ രണ്ടു കാര്യങ്ങളേ എനിക്ക് ചെയ്യാൻ കഴിയൂ. അവർ എന്നെ ദുർബലനാക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ കരുത്താർജ്ജിക്കാനുളള ഊർജമാണ് എനിക്ക് കിട്ടുന്നത്. അതിൽതന്നെ മോദിജിയാണ് എന്നെ കൂടുതൽ സഹായിക്കുന്നത്. അങ്ങനെയുളള അദ്ദേഹത്തെ ഞാൻ എങ്ങനെ വെറുക്കുമെന്ന് ഗുജറാത്ത് വാർത്താ ചാലനായ ജിഎസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി ചോദിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭയമുണ്ട്. തിരഞ്ഞെടുപ്പ് റാലിയിൽ ബിജെപിയെ ആക്രമിക്കാൻ ഞാൻ ഉയർത്തിക്കാട്ടിയ പ്രശ്നങ്ങളൊക്കെ ജനങ്ങൾ അനുഭവിക്കുന്നതാണ്. ഗുജറാത്തിലെ ജനങ്ങൾ എന്നോട് പറഞ്ഞ അവരുടെ പ്രശ്നങ്ങളാണ് റാലിയിൽ ഞാൻ സംസാരിച്ചത്. രാഹുൽ ഗാന്ധി എന്തു പറയുന്നതിലല്ല, ജനങ്ങൾ പറയുന്നതിനെയാണ് ബിജെപി ഭയപ്പെടുന്നത്- രാഹുൽ പറഞ്ഞു. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് രാഹുൽ ഡൽഹിയിൽ മടങ്ങിയെത്തിയത്.

ഞാനൊരു മേക്ക് ഓവറും നടത്തിയിട്ടില്ല. എന്റെ ഇമേജിനെ നശിപ്പിക്കാൻ ബിജെപി പണം ഇറക്കി. ഞാൻ സത്യത്തിലാണ് വിശ്വസിക്കുന്നത്. ഞാൻ സംസാരിക്കുന്നത് സത്യമായ കാര്യമാണ്. സത്യം എപ്പോഴായാലും പുറത്തുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് റാലികളിൽ ഇതുവരെ കാണാത്ത രാഹുലിനെയാണ് ജനങ്ങൾ കണ്ടത്. മോദിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗങ്ങൾ.

നാളെയാണ് ഗുജറാത്തിൽ രണ്ടാം ഘട്ട വോട്ടെടുപ്പ്. 93 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ശനിയാഴ്ച നടന്നിരുന്നു. ഡിസംബർ 18 നാണ് വോട്ടെണ്ണൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ