സിങ്കപൂര്‍: തങ്ങളുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ഘാതകരോട് താനും സഹോദരി പ്രിയങ്ക ഗാന്ധിയും പൂര്‍ണമായും ക്ഷമിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിങ്കപൂരില്‍ നടന്ന ഐ.ഐ.എം അലുമിനി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

യോഗത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘എത്രയോ വര്‍ഷങ്ങള്‍ ഞങ്ങള്‍ അങ്ങേയറ്റം വേദന അനുഭവിച്ചിട്ടുണ്ട്. കടുത്ത ദേഷ്യവും ഉണ്ടായിരുന്നു. പക്ഷെ, എങ്ങനെയോ, പൂര്‍ണമായും, ശരിക്കും പൂര്‍ണമായും അവരോട് ഞങ്ങള്‍ ക്ഷമിച്ചു,’രാഹുല്‍ പറഞ്ഞു.

‘ആശയങ്ങളുടെയും, അധികാരത്തിന്റെയും, ആശങ്കകളുടെയും പരസ്പര സംഘട്ടനത്തിന്റെ ഭാഗമായാണ് അദ്ദേഹം കൊല്ലപ്പെട്ടത്. പ്രഭാകരന്റെ മൃതദേഹം ടിവിയില്‍ കണ്ടപ്പോള്‍ രണ്ട് ചിന്തകളാണ് എന്റെയുള്ളില്‍ വന്നത്. ഒന്ന് എന്തിനാണ് ഇയാളെ ഇത്തരത്തില്‍ ക്രൂരമായി പീഡിപ്പിച്ചതെന്നാണ്.

മറ്റൊന്ന് അദ്ദേഹത്തിന്റെ മക്കളെയും കുടുംബത്തെയും ഓര്‍ത്ത് വളരെ വിഷമം തോന്നുകയും ചെയ്തു. കാരണം എനിക്കറിയാം ആ അവസ്ഥയില്‍ അകപ്പെടുന്നവരുടെ വേദന. അക്രമം കാണുമ്പോള്‍ എന്റെ ഉള്ളിലെ ചിന്ത ഇതുതന്നെയാണ്. അത് ചെയ്തതാരായാലും, അതിനു പുറകില്‍ ഒരു മനുഷ്യനുണ്ട്, ഒരു കുടുംബമുണ്ട്, കരയുന്ന ഒരു കുട്ടിയുണ്ട്. ഈ അവസ്ഥയിലേക്കെത്താന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അതു വളരെ വിലപ്പെട്ടതായി തന്നെയാണ് എനിക്കു തോന്നുന്നത്. ആളുകളെ വെറുക്കാന്‍ എനിക്ക് ഒരിക്കലും സാധിക്കില്ല,’ രാഹുല്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ശ്രീപെരുമ്പത്തൂരെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് പ്രഭാകരന്റെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ഭീകര സംഘടനയായ എല്‍ടിടിഇയുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ