ന്യൂഡല്‍ഹി: ‘ഇന്ത്യന്‍ ഭരണഘടന മാറ്റിയെഴുതണം’ എന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പ്രസ്താവനയില്‍ പൗരന്മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജാഗരൂകരാകണമെന്ന് സൂചിപ്പിച്ച് രാഹുല്‍ഗാന്ധി. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 133-ാം സ്ഥാപക ദിനത്തില്‍ സംസാരിക്കവേയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പ്രസ്താവന. “രാജ്യത്തിന്‍റെ അടിസ്ഥാനമായ ഭരണഘടന ഭീഷണി നേരിടുകയാണ്. മുതിര്‍ന്ന ബിജെപി നേതാക്കളടക്കം നടത്തുന്ന പ്രസ്താവനകള്‍ ഇന്ത്യന്‍ ഭരണഘടനയെ നേര്‍ക്ക് നേര്‍ വെല്ലുവിളിക്കുന്നതാണ്. അതിനെ രഹസ്യമായി പിന്നില്‍ നിന്നും ആക്രമിക്കുന്നുണ്ട്. ഭരണഘടനയെ സംരക്ഷിക്കുക എന്നത് കോണ്‍ഗ്രസിന്‍റെയും അതുപോലെ ഓരോ പൗരന്‍റെയും കടമയാണ്” കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാപകദിന പരിപാടിയില്‍ നിന്ന്

ബിജെപി രാഷ്ട്രീയ ലാഭത്തിനായി നുണകളും വ്യാജപ്രചരണങ്ങളും വിറ്റഴിക്കുകയാണ് എന്നും രാഹുല്‍ഗാന്ധി തന്‍റെ പ്രസംഗത്തില്‍ ആരോപിച്ചു. “വഞ്ചനയുടെ ഒരു പരമ്പര തന്നെയാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ അരങ്ങേറുന്നത്. നുണ എന്ന അടിസ്ഥാന തത്വത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. അതാണ്‌ അവര്‍ അവരുടെ രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നത് എന്നതാണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം. നമ്മള്‍ ചിലപ്പോള്‍ നന്നായി ചെയ്തെന്ന് വരില്ല, നമ്മള്‍ തോറ്റെന്നും വരും. പക്ഷെ നമ്മള്‍ സത്യത്തെ കൈവിടില്ല.” രാഹുൽ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് സ്ഥാപനദിന ചടങ്ങില്‍ സംസാരിക്കുന്നു

പിന്നീട് എഐസിസി ഹെഡ്ക്വാട്ടേഴ്സിലെത്തിയ രാഹുൽ ഗാന്ധി കോണ്‍ഗ്രസ് പതാകയുയര്‍ത്തി. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളൊക്കെ പരിപാടിയില്‍ സന്നിഹിതരായിരുന്നു. അവിടെ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ ഓര്‍മയ്ക്കാണ് കോണ്‍ഗ്രസ് സ്ഥാപകദിനം കൊണ്ടാടുന്നത് എന്ന് പറഞ്ഞു. “രാജ്യത്തിന് വേണ്ടി ജീവന്‍ ബലികൊടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഓര്‍മയ്ക്കാണ് നമ്മള്‍ സ്ഥാപകദിനം ആചരിക്കുന്നത്. ഇന്ന് നമ്മുടെ രാജ്യത്തെ പ്രബലരായ ചില ശക്തികള്‍ തന്നെ ഭരണഘടനയെ അട്ടിമറിക്കാന്‍ നോക്കുകയാണ്. നമ്മള്‍ അതിനെക്കുറിച്ച് ജാഗരൂകരായിരിക്കണം.” ഗുലാം നബി ആസാദ് പറഞ്ഞു.

കേന്ദ്രമന്ത്രി അനന്ത്‌കുമാര്‍ ഹെഗ്ഡെ നടത്തിയ വിവാദപരാമര്‍ശത്തിന്‍റെ പേരില്‍ പാര്‍ലമെന്‍ററിലെ ഇരുസഭകളും ഇന്നലെ സ്തംഭിച്ചിരുന്നു. പ്രതിപക്ഷ കക്ഷികള്‍ അനന്ത്കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം എന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിക്കുകയും ചെയ്തു. അനന്ത്കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കണം എന്നാവശ്യമുന്നയിച്ചു സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ “അംബേദ്കറിനെ അപമാനിക്കുന്നത് ഞങ്ങള്‍ അനുവദിച്ചു തരില്ല” എന്നും മുദ്രാവാക്യം മുഴക്കി. ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഘെയാണ് വിഷയം ഉന്നയിച്ചത്. രാജ്യസഭയില്‍ വിഷയമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഹെഗ്ഡെയ്ക്ക് ” പാര്‍ലമെന്റില്‍ തുടരാനുള്ള അവകാശമില്ല” എന്നും പറഞ്ഞു.

കോണ്‍ഗ്രസ് പതാകയ്ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന മുതിര്‍ന്ന നേതാക്കള്‍

ഇന്ന് രാവിലെയാണ് തന്‍റെ വിവാദ പരാമർശത്തിൽ  കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ പാർലമെന്രിൽ ക്ഷമ ചോദിക്കുന്നത്. ഭരണഘടനയാണ് പരമോന്നതം എന്ന് പറഞ്ഞ അനന്ത്കുമാര്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞു. കേന്ദ്രമന്ത്രി ക്ഷമ ചോദിച്ചതോടെ ലോക്‌സഭയിൽ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

പൗരന്മാര്‍ മതേതരരാകരുത്, അവര്‍ തങ്ങളുടെ ജാതിയുടേയും മതത്തിന്‍റെയും പേരില്‍ തിരിച്ചറിയപ്പെടണം എന്നും അതിനനുസരിച്ച് ഭരണഘടന മാറ്റാനാണ് തങ്ങള്‍ ഇവിടെയുള്ളത് എന്നുമാണ് നൈപുണ്യ വികസനത്തിന്‍റെയും സരംഭകത്വത്തിന്‍റെയും ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ