ന്യഡൽഹി: സർദാർ വല്ലഭായ് പട്ടേൽ വർഗീയ ശക്തികൾക്കെതിരെ പോരാടിയ കോൺഗ്രസുകാരനാണെന്ന് ബിജെപിയെ ഓർമ്മപ്പെടുത്തി രാഹുൽ ഗാന്ധി. സർദാർ വല്ലഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി എന്നാണ് പട്ടേലിന്റെ പ്രതിമക്ക് പേരിട്ടിരിക്കുന്നത്.

ഗുജറാത്തിലെ കെവാദിയയിലാണ് ‘ഒരുമയുടെ പ്രതിമ’ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് 2900 കോടി രൂപ. ഏകതാ ദിവസ് ആയി ആചരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തിലാണ് പ്രതിമയുടെ അനാച്ഛാദനം ചെയ്തത്.ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി,ഗുജറാത്ത് ഗവർണർ ഒ.പി.കോഹ്ലി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർ പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തിരുന്നു.

സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. “സർദാർ പട്ടേൽ രാജ്യസ്നേഹിയാണ്. രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷതക്ക് വേണ്ടി നിലകൊണ്ട വ്യക്തിത്വമാണ്. തീരുമാനങ്ങളിൽ ഉരുക്കിന്റെ കരുത്തുള്ള, വർഗീയതക്കെതിരെ പോരാടിയ കോൺഗ്രസുകാരനാണ്. രാജ്യത്തിന്റെ പ്രിയ പുത്രന് ആദരങ്ങൾ അർപ്പിക്കുന്നു,” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

സർദാർ പട്ടേലിന്റെ പ്രതിമ ഉദ്ഘാടനത്തെ കുറിച്ചുള്ള അടുത്ത ട്വീറ്റിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നത്.സർദാർ പട്ടേൽ ഉയർത്തിയ എല്ലാ ആദർശങ്ങളെയും, സ്ഥാപനങ്ങളെയും തച്ചുടച്ച ശേഷമാണ് പട്ടേലിന്റെ പ്രതിമ ഉത്ഘാടനം ചെയ്തിരിക്കുന്നെന്നും ഇന്ത്യയുടെയും പട്ടേലിന്റേയും ആദർശങ്ങളെ തകർക്കുന്നത് രാജ്യദ്രോഹികളാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook