ന്യൂഡല്‍ഹി: ദലിത് സംഘടനകളുടെ ദേശീയ ബന്ദിനെ അഭിവാദ്യം ചെയ്ത് രാഹുല്‍ ഗാന്ധി. രാജ്യത്തെ ദലിതര്‍ അനുഭവിക്കുന്ന അവസ്ഥയ്ക്ക് കാരണം ബിജെപിയും ആര്‍എസ്എസുമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. എസ്‌സി-എസ്എസ്ടി ആക്ട് ദുര്‍ബലമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ദലിത് സംഘടനകള്‍ രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്.

മോദി സര്‍ക്കാരില്‍ നിന്നും തങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ ദലിത് സഹോദരങ്ങള്‍ക്ക് സല്യൂട്ട് ചെയ്യുന്നു എന്നായിരുന്നു ബന്ദിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ്.

”ദലിതരെ ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരായി കണക്കാക്കുന്നത് ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഡിഎന്‍എയിലുള്ളതാണ്. ഈ ചിന്താഗതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ആക്രമണം കൊണ്ടാണ് നേരിടുന്നത്. ഇന്ന് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് നമ്മുടെ ദലിത് സഹോദരി-സഹോദരന്മാര്‍ മോദി സര്‍ക്കാരിനെതിരെ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. അവര്‍ക്കെന്റെ സല്യൂട്ട്,” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

അതേസമയം, ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ വ്യാപക അക്രമം. ഉത്തരേന്ത്യയില്‍ പലയിടങ്ങളില്‍ അക്രമം ഉണ്ടായി. പട്ടികജാതി-പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുളള സുപ്രീം കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ദലിത് സംഘടനകള്‍ ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്.

പഞ്ചാബില്‍ മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുഗതാഗതം റദ്ദാക്കി. സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഏറ്റവും കൂടുതല്‍ ദലിതര്‍ ഉളള പഞ്ചാബില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ വൈകിട്ട് മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചവരെ നിരോധനം ഉണ്ടായിരിക്കും. സൈന്യവും പാരമിലിറ്ററി ഫോഴ്‌സും സംസ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ബിഹാറിലും ഒഡീഷയിലും പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചു. വിവിധ ദലിത് സംഘടനകള്‍ക്കൊപ്പം സിപിഐഎംഎല്‍ പ്രവര്‍ത്തകരും ബിഹാറില്‍ പ്രതിഷേധത്തിനിറങ്ങി. ഉത്തര്‍പ്രദേശില്‍ ഹൈവേ അടക്കം പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. കടകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ