ജയ്പൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചു. രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ്, മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 13 ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി ആചാര്യൻ ഖ്വാജ മൊയിനുദ്ദീന്‍ ചിസ്തിയുടെ ഖബറിടമുള്ളതാണ് ദര്‍ഗയെ പ്രസിദ്ധമാകുന്നത്.ആഗോള മുസ്ലിങ്ങളുടെ ആത്മീയ-തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ മറ്റ് വിഭാഗത്തിൽപ്പെട്ടവരും പ്രാർത്ഥന അർപ്പിക്കാൻ എത്താറുണ്ട്.
ഗാന്ധി കുടുംബവുമായി ബന്ധമുളള മതപണ്ഡിതന്‍ അദ്ദേഹത്തിന് സിയാറത്ത് നടത്താനുളള സഹായം നല്‍കി. പുഷ്കറിലെ ജഗത്പീത ബ്രഹ്മ ക്ഷേത്രത്തിലും രാഹുല്‍ പ്രാര്‍ത്ഥിക്കാനെത്തും. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന രാജസ്ഥാനിലെ പൊക്രൻ, ജലോർ,ജോധ്പൂർ എന്നിവിടിങ്ങളിൽ രാഹുൽ ഇന്ന് പൊതുസമ്മേളനം നടത്തും . രാജസ്ഥാനിലെ 200 മണ്ഡലങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ഡിസംബർ ഏഴിന് നടത്തും . ഡിസംബർ 11 നാണ് വോട്ടെണ്ണൽ.