ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം തെറ്റിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് മധ്യപ്രദേശിൽ നടത്തിയ വിവാദ പരാമർശത്തിൽ രാഹുലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. ആദിവാസികളെ വെടിവെച്ചു കൊല്ലാൻ അനുവദിക്കുന്ന പുതിയ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്നുവെന്ന പരാമർശത്തിനെതിരായാണ്​ നോട്ടീസ്.

Also Read: ‘ബിജെപി നേരിടാന്‍ പോകുന്നത് വലിയ തിരിച്ചടി’: പ്രിയങ്ക ഗാന്ധി

നോട്ടീസിന് മറുപടി നൽകാൻ 48 മണിക്കൂറാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 17ന് ബിജെപി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.

Also Read: കള്ളവോട്ട്: മൂന്ന് പേർക്കെതിരെ ക്രിമിനൽ കേസ്

ഏപ്രിൽ 23ന് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ്​ റാലിക്കി​ടെയായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ” ആദിവാസികൾക്ക് വേണ്ടി മോദി സർക്കാർ ഒരു പുതിയ നിയമം പാസാക്കിയിട്ടുണ്ട്. ആദിവാസികളെ വെടിവെക്കാൻ പൊലീസിനെ അനുവദിക്കുന്നതാണ് മോദി സർക്കാരിന്റെ പുതിയ നിയമം​. ആദിവാസികളെ ആക്രമിക്കാമെന്നും അവരുടെ ഭൂമി ഏറ്റെടുക്കാമെന്നും അവരുടെ കാട്​ കൈയേറാമെന്നും വെള്ളമൂറ്റാമെന്നും ഒടുവിൽ അവരെ വെടിവെച്ചു ​കൊല്ലും,” ഇതായിരുന്നു തിരഞ്ഞെടുപ്പ്​ റാലിക്കി​ടെ രാഹുൽ ഗാന്ധിയുടെ പരാമർശം.

Also Read: അയാൾ ഒരു നാണംകെട്ട പ്രധാനമന്ത്രി: നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ് രാഹുൽ ഗാന്ധിയുടെ പരാമർശമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനർ കൂടിയായ രാഹുൽ ഗാന്ധിയോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

അതേസമയം ബിജെപി അധ്യക്ഷൻ അമിത് ഷായെ കൊലയാളി എന്ന് വിളിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയ്ക്ക് അഹമ്മദാബാദ് കോടതി സമ്മൻസ് അയച്ചു. ജൂലൈ ഒമ്പതിന് ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 23ന് തന്നെയായിരുന്നു രാഹുലിന്റെ കൊലയാളി പരാമർശവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook