ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.കഴിഞ്ഞ ദിവസമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ന് പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചത്.
‘പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ പൂര്‍ത്തിയായി, പുതിയ കെട്ടിടം സ്വാശ്രയ ഇന്ത്യയുടെ (ആത്മനിര്‍ഭര്‍ ഭാരത്’) ആത്മാവിനെ പ്രതീകപ്പെടുത്തുന്നു. ലോക്സഭ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ വിമര്‍ശിച്ച് മറ്റുപല പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. ‘ബഹുമാനപ്പെട്ട @ രാഷ്ട്രപതിഭവ്ന്‍ പുതിയ ‘സന്‍സദ് ഭവന്‍’ ഉദ്ഘാടനം ചെയ്യേണ്ടതല്ലേ? ഞാന്‍ അത് വിടുന്നു…ജയ് ഹിന്ദ്. ആര്‍ജെഡി നേതാവ് മനോജ് കുമാര്‍ ഝാ പറഞ്ഞു.
സ്വയം പ്രതിച്ഛായയോടും ക്യാമറകളോടും ഉള്ള അമിത ഭ്രമവും മോദിജിയുടെ കാര്യത്തില്‍ മാന്യതയെയും മാനദണ്ഡങ്ങളെയും ലംഘിക്കുന്നു’ എന്ന് സിപിഐ നേതാവ് ഡി രാജ പറഞ്ഞു. പ്രധാനമന്ത്രി മോദി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിനെ കുറിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ”അദ്ദേഹം എക്‌സിക്യൂട്ടീവിന്റെ തലവനാണ്, ലെജിസ്ലേച്ചറല്ല. ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും ഇത് ഉദ്ഘാടനം ചെയ്യാമായിരുന്നു. ഇത് പൊതുപണം കൊണ്ടുണ്ടാക്കിയതാണ്, എന്തിനാണ് തന്റെ ‘സുഹൃത്തുക്കള്‍’ അവരുടെ സ്വകാര്യ ഫണ്ടില്‍ നിന്ന് സ്പോണ്‍സര്‍ ചെയ്തതുപോലെ പ്രധാനമന്ത്രി പെരുമാറുന്നത്,” ഒവൈസി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, മെയ് 28 ന് ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവര്‍ക്കറുടെ ജന്മദിനമായതിനാല്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു, ഈ നടപടി രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാരെ അപമാനിക്കുന്നതാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. ഞങ്ങളുടെ എല്ലാ സ്ഥാപക പിതാക്കന്മാര്‍ക്കും അമ്മമാര്‍ക്കും ഇത് തികഞ്ഞ അപമാനമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വിറ്ററില്‍ കുറിച്ചു.