ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് യുഎഇയിൽ ഗംഭീര വരവേല്‍പ്പ്. രാഷ്​ട്രപിതാവ്​ മഹാത്മഗാന്ധിയുടെ 150-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ​ഐഡിയ ഓഫ്​ ഇന്ത്യ സാംസ്​കാരിക സമ്മേളനത്തിൽ പങ്കുചേരുന്നതിനാണ്​ രാഹുൽ എത്തിയത്​. വ്യാഴാഴ്​ച ​വൈകീട്ട്​ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കോൺഗ്രസ്​-മുസ്​ലിം ലീഗ്​ നേതാക്കളും ​പ്രവർത്തകരുമുൾപ്പെടെ വൻ സംഘമാണ്​ രാഹുലിനെ വരവേറ്റത്​. ഡോ.സാം പിത്രോഡയും അദ്ദേഹത്തി​നൊപ്പമുണ്ട്​.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്​ലിം ലീഗ്​ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്​ എം.പി, കെ.സുധാകരൻ, എം.കെ.രാഘവൻ, ആന്റോ ആൻറണി, ടി.സിദ്ദിഖ്​ തുടങ്ങി പ്രമുഖര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. രാഹുല്‍ ഗാന്ധിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം യുഎഇയിലെ ഇന്ത്യക്കാരുമായി ചര്‍ച്ച ചെയ്യും. ശേഷം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് നടക്കുന്ന ഇന്തോ അറബ് കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ചീഫ് ഗസ്റ്റാണ് രാഹുല്‍ ഗാന്ധി. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിന വാര്‍ഷികം പ്രോഗ്രാമില്‍ ആഘോഷിക്കും. പരിപാടിയിലേക്കുളള രജിസ്ട്രേഷന്‍ അവസാനിച്ച് കഴിഞ്ഞു.

1000 ബസുകളാണ് പരിപാടിക്ക് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 70 നാടന്‍ കലാകാരന്‍മാര്‍ അണിനിരക്കുന്ന പരിപാടിയുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മുമ്പായിരിക്കും ഇവരുടെ പരിപാടികള്‍. ഇന്ന് നാല് മണി മുതല്‍ എട്ട് മണിവരെയാണ് പരിപാടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook