ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യുന്നത് അഞ്ചാം ദിവസത്തിലേക്ക്. നാളെ ഹാജരാവാന്‍ രാഹുലിനോട് ആവശ്യപ്പെട്ടതായി ഇ ഡി അറിയിച്ചു.
കേസില്‍ ഇന്നു രാഹുലിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. നേരത്തെ വെള്ളിയാഴ്ച ഹാജരാവാണു രാഹുലിനോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പകരം തിങ്കളാഴ്ചത്തേക്കു രാഹുല്‍ സമയം തേടുകയായിരുന്നു.
ഇന്നു രാവിലെ പതിനൊന്നോടെ ഇ ഡി ഓഫീസിലെത്തിയ രാഹുലിനെ വൈകുന്നേരം വരെ ചോദ്യം ചെയ്തതായാണു ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരം. ചൊവ്വാഴ്ചത്തേക്കു രാഹുലിനെ വീണ്ടും വിളിക്കേണ്ടിവരുമെന്ന് ഏജന്‍സി കരുതിയിരിക്കെ, കോവിഡ് -19 ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന അമ്മ സോണിയ ഗാന്ധിയെ പരിചരിക്കേണ്ടതിനാല്‍ ചോദ്യം ചെയ്യലുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ഇ ഡിയോട് അഭ്യര്‍ത്ഥിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാഹുലിനെ വിളിപ്പിച്ചുവരുത്തിയ ഇ ഡി മൂന്നു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച കൂടി ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ ഇന്നത്തേക്കു സമയം തേടുകയായിരുന്നു. ജൂണ്‍ 23നു ഹാജരാവാന്‍ സോണിയ ഗാന്ധിയോട് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്്.
ഗാന്ധി കുടുംബത്തിന്റെ യങ് ഇന്ത്യനിലെ ഉടമസ്ഥാവകാശം സംബന്ധിച്ചും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പ് കമ്പനിയായ അസോസിയേറ്റ് ജേണല്‍സ് ലിമിറ്റഡിന്റെ (എജെഎല്‍) ഓഹരിയെക്കുറിച്ചുമാണു രാഹുലില്‍നിന്നു വിവരങ്ങള്‍ തേടുന്നതെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ എല്ലാ സ്വത്തുക്കളുടെയും ഉടമയാക്കി യങ് ഇന്ത്യന്‍ 2010-ല്‍ എജെഎല്‍ ‘നിസാര തുകയ്ക്ക്’ സ്വന്തമാക്കിയ സാഹചര്യത്തെക്കുറിച്ചും രാഹുലില്‍നിന്ന് വിവരങ്ങള്‍ തേടി.
Also Read: വികസനം, മേമ്പൊടിയായി ഹിന്ദുത്വം; കര്‍ണാടകയില്‍ യുപിയുടെ വഴിയെ ബിജെപി
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനും സോണിയയുടെയും രാഹുലിന്റെയും നികുതി വിലയിരുത്തല്‍ നടത്താനും ആദായനികുതി വകുപ്പിന് അനുമതി നല്കിയ വിചാരണക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി കേസ്. 2013ല്‍ ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
പത്രം ഏറ്റെടുക്കുന്നതില്‍ ഗാന്ധികുടുംബത്തിന്റെ ഭാഗത്തുനിന്നുള്ള വഞ്ചനയും ഫണ്ട് ദുര്‍വിനിയോഗവും ആരോപിച്ചായിരുന്നു സ്വാമിയുടെ പരാതി. നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ ഗാന്ധിമാര്‍ പത്രത്തിന്റെ സ്വത്തുക്കള്‍ പഴയ പ്രസാധകരായിരുന്ന എജെഎല്ലില്നിന്ന് അതില്‍ 76 ശതമാനം ഓഹരിയുള്ള യങ് ഇന്ത്യന്‍ എന്ന സംഘടന ഉപയോഗിച്ചു വാങ്ങിയെന്നാണു സ്വാമിയുടെ ആരോപണം. കേസില്‍ സോണിയയ്ക്കും രാഹുലിനും 2015 ഡിസംബര്‍ 19 ന് വിചാരണ കോടതി ജാമ്യം അനുവദിച്ചു.
എജെഎല്‍ കോണ്‍ഗ്രസിനു നല്‍കാനുള്ള 90.25 കോടി രൂപ തിരിച്ചുപിടിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ യങ് ഇന്ത്യന്‍ 50 ലക്ഷം രൂപ നല്കി സോണിയയും രാഹുലും മറ്റുള്ളവരും ഫണ്ട് ദുരുപയോഗം ചെയ്തെന്ന് വിചാരണക്കോടതിയില്‍ സ്വാമി നല്കിയ പരാതിയില്‍ ആരോപിക്കുന്നു.
2010 നവംബറില്‍ 50 ലക്ഷം രൂപ മൂലധനവുമായി സംയോജിപ്പിച്ച യങ് ഇന്ത്യന്‍, നാഷണല്‍ ഹെറാള്‍ഡ് നടത്തുന്ന എജെഎല്ലിന്റെ മിക്കവാറും എല്ലാ ഓഹരികളും സ്വന്തമാക്കിയെന്നായിരുന്നു ആരോപണം. 2011-12ല്‍ രാഹുലിന്റെ ഉടമസ്ഥതയിലുള്ള ഓഹരികള്‍ അദ്ദേഹത്തിന് 154 കോടി രൂപ വരുമാനം നല്‍കിയെന്നും മുമ്പ് വിലയിരുത്തിയതുപോലെ 68 ലക്ഷം രൂപയല്ലെന്നും ഐടി വകുപ്പ് അവകാശപ്പെട്ടിരുന്നു. 2011-12 മൂല്യനിര്‍ണയ വര്‍ഷത്തില്‍ ഇന്ത്യനു 249.15 കോടി രൂപയുടെ ഡിമാന്‍ഡ് നോട്ടീസ് ഇതിനകം നല്‍കിയിട്ടുണ്ട്.
നേരത്തെ, ഹരിയാനയിലെ പഞ്ച്കുളയില്‍ അന്നത്തെ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ അനുവദിച്ച സ്ഥലവുമായി ബന്ധപ്പെട്ട് 2018 ല്‍ എജെഎല്ലിനെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചിരുന്നു. കമ്പനി ‘വഞ്ചനാപരമായി സ്വന്തമാക്കിയതായി ആരോപിച്ച് പ്ലോട്ട് ഇ ഡി കണ്ടുകെട്ടിയിരുന്നു. വിഷയത്തില്‍ ഇ ഡി ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ കുറ്റാരോപിതനാണു ഹൂഡ.