ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാൽ ഇടപാടിൽ നേരിട്ട് ഇടപെട്ടതായി തെളിഞ്ഞുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പൊതുജനങ്ങളുടെ 30,000 കോടി രൂപ പ്രധാനമന്ത്രി കൊളളയടിച്ച് സുഹൃത്ത് മുകേഷ് അംബാനിക്ക് നൽകി. വ്യോമസേന അംഗങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ട പണമാണിത്. നിർമ്മല സീതാരാമനും മോദിയും കളളം പറയുന്നു. സുപ്രീം കോടതിയിലും സർക്കാർ കളളം പറഞ്ഞു. മോദിക്ക് കളളന്റെയും കാവൽക്കാരന്റെയും മുഖമാണ്. മോദിക്ക് ദ്വന്ദ വ്യക്തിത്വം ഉണ്ടോയെന്നും രാഹുൽ ചോദിച്ചു.

കോൺഗ്രസിലെ ആർക്കെതിരെ വേണമെങ്കിലും അന്വേഷണമാകാം. റോബർട് വാധ്രയ്ക്കെതിരെയോ പി.ചിദംബരത്തിനെതിരെയോ അല്ലെങ്കിൽ കോൺഗ്രസ് പാർട്ടിയിലെ ആർക്കെതിരെ വേണമെങ്കിലും അന്വേഷണം നടത്തിക്കോളൂ. എന്നാൽ റഫാൽ ഇടപാടിൽ അന്വേഷണം വേണം. പ്രധാനമന്ത്രി അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയെന്നതിന്റെ തെളിവുകൾ ദി ഹിന്ദു ദിനപത്രമാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിക്കെതിരെ 2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ്രതിരോധ സെക്രട്ടറി ജി.മോഹന്‍കുമാര്‍ നല്‍കിയ കത്ത് ആണ് പത്രം പുറത്തുവിട്ടത്. മോഹന്‍കുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്താണിത്. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്നും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്നുമാണ്‌ കത്തിൽ പ്രധാനമായും പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook