ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ചപറ്റി എന്നാരോപിച്ച് നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, വീണ്ടും സർക്കാരിനെതിരെ രംഗത്ത്. ഇക്കുറി ശാസ്ത്രജ്ഞനായ ഐൻസ്റ്റീന്റെ വാചകമാണ് കേന്ദ്രത്തെ വിമർശിക്കാൻ രാഹുൽ ഉപയോഗിച്ചിരിക്കുന്നത്.
Read More: പോരാടും, അതിജീവിക്കും; എന്റെ രാജ്യത്തിന്റെ ഡിഎൻഎ എനിക്കറിയാം: രാഹുൽ ഗാന്ധി
“ഈ ലോക്ക്ഡൗണ്‍ തെളിയിക്കുന്നത്, അജ്ഞതയെക്കാള്‍ അപകടമാണ് അഹങ്കാരം എന്നതാണ്,” രാഹുൽ കുറിച്ചു. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 3.32 ലക്ഷം കടന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പുതിയ വിമർശനം.
This lock down proves that:
“The only thing more dangerous than ignorance is arrogance.”
Albert Einstein pic.twitter.com/XkykIxsYKI— Rahul Gandhi (@RahulGandhi) June 15, 2020
കോവിഡ് പോരാട്ടം ഇന്ത്യ അതിജീവിക്കുമെന്ന് തനിക്ക് പ്രത്യാശയുണ്ടെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തിന്റെ ഡിഎൻഎ തനിക്ക് മനസിലാകുമെന്നും പ്രതിസന്ധി ഘട്ടത്തിൽ നിന്നും രാജ്യം തിരിച്ചുവരുമെന്നും രാഹുൽ പറഞ്ഞിരുന്നു. കോവിഡാനന്തരം ലോകം എന്ന വിഷയത്തില്‍ യുഎസ് മുന്‍ നയതന്ത്രജ്ഞന് നിക്കോളാസ് ബേണ്സുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യങ്ങൾ പറഞ്ഞത്.
കേന്ദ്ര സർക്കാർ ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
“ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്ന ഒരു സർക്കാരാണ് ഞങ്ങൾക്ക് ഉള്ളത്. കഠിനമായ ഒരു ലോക്ക്ഡൗൺ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. അതിന്റെ ഫലം എല്ലാവരും കണ്ടു. ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്ന് അവരുടെ ജന്മനാട്ടിലേക്ക് പലായനം ചെയ്യുന്നു. ഇത്തരം സാഹചര്യമുണ്ടാക്കുന്ന നേതൃത്വം സമ്പൂർണ പരാജയമാണ്,” സംഭാഷണത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,32,424 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 325 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,520 ആയി. 1,53,106 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,69,797 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ ഇതുവരെ 1,07,958 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3,950 ആയിട്ടുണ്ട്.