ന്യൂഡല്‍ഹി: വിവാഹത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് ഒഴിഞ്ഞുമാറി നടക്കുന്നയാളാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ ഇന്ന് ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ വിജേന്ദര്‍ സിംഗിന്റെ ചോദ്യത്തിന് രാഹുലിന് ഉത്തരം പറയേണ്ടി വന്നു. ന്യൂഡല്‍ഹിയില്‍ ഒരു ബിസിനസ് അവാര്‍ഡ് ചടങ്ങിനിടെയാണ് രാഹുലിനോട് വിജേന്ദര്‍ ചോദ്യം ഉയര്‍ത്തിയത്.

എന്നാല്‍ ‘നടക്കുമ്പോള്‍ അത് നടക്കട്ടെ’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ‘ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു’ എന്നും രാഹുല്‍ പറഞ്ഞു. 47കാരനായ രാഹുല്‍ നിരവധി തവണ ഈ ചോദ്യത്തിന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറിയിട്ടുണ്ട്. പിഎച്ച്ഡി ആനുവല്‍ അവാര്‍ഡ്സ് ഫോര്‍ എക്സെലന്‍സ് ചടങ്ങിനിടെ രണ്ട് ചോദ്യങ്ങളായിരുന്നു വിജേന്ദറിന് രാഹുലിനോട് ചോദിക്കാനുണ്ടായിരുന്നത്.

‘രാഹുല്‍ ജി എന്നാണ് വിവാഹം കഴിക്കുക എന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ട്,. എല്ലാവരും അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. പ്രധാനമന്ത്രി ആയതിന് ശേഷമാണ് താങ്കള്‍ വിവാഹം കഴിക്കുന്നതെങ്കില്‍ അത് വ്യത്യസ്തവും ആയിരിക്കും’, ബോക്സറുടെ ഈ ചോദ്യത്തിന് രാഹുലിന്റെ ഉത്തരം ‘ഇതൊരു പഴയ ചോദ്യമാണ്’ എന്നായിരുന്നു. വിധി പോലെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജേന്ദറിന്റെ രണ്ടാമത്തെ ചോദ്യം കായികവുമായി ബന്ധപ്പെട്ടത് ആയിരുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവുകയാണെങ്കില്‍ കായിക രംഗത്തിന് വേണ്ടി എന്ത് ചെയ്യും എന്നായിരുന്നു വിജേന്ദര്‍ ചോദിച്ചത്. ഒരു രാഷ്ട്രീയക്കാരന്‍ കായികരംഗത്തുളളത് വിരളമാണെന്നും വിജേന്ദര്‍ പറഞ്ഞു. എന്നാല്‍ താന്‍ ‘ഐക്കിഡോ’വില്‍ ബ്ലാക്ക് ബെല്‍റ്റാണെന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാല്‍ പരസ്യമായി ഇത് പറയാതിരുന്നതാണെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ വീഡിയോ അപ്ലോഡ് ചെയ്ത് എന്തുകൊണ്ട് മറ്റുളളവര്‍ക്ക് പ്രചോദനം നല്‍കിക്കൂടാ എന്ന് വിജേന്ദര്‍ ചോദിച്ചു. എങ്കില്‍ ഞാന്‍ അപ്ലോഡ് ചെയ്യാം എന്നായിരുന്നു ചിരിച്ചു കൊണ്ട് രാഹുലിന്റെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ