ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനാധിപത്യത്തെയും പാര്‍ലമെന്റിനെയും രാഷ്ട്രീയ വ്യവസ്ഥയെയും അപമാനിച്ചെന്ന കേന്ദ്ര ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരെയുള്ള നാല് കേന്ദ്രമന്ത്രിമാരുടെ ആരോപണത്തില്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിഷയത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
ഗൗതം അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും രാഹുല്‍ ആരോപിച്ചു. ”നാളെ സ്പീക്കര്‍ എന്നെ സംസാരിക്കാന്‍ അനുവദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ സ്പീക്കറുടെ ചേംബറില്‍ പോയി, ബിജെപി എംപിമാര്‍ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ലണ്ടനില്‍ പറഞ്ഞതെല്ലാം പൊതു രേഖകളില്‍ നിന്ന് നീക്കിയ കാര്യങ്ങളാണെന്ന് പ്രസ്താവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗൗതം അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ഒളിച്ചോടുകയാണ് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു
”പാര്‍ലമെന്റില്‍ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതിനാല്‍, സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നത് എന്റെ ജനാധിപത്യ അവകാശമാണ്. ഇന്ത്യന്‍ ജനാധിപത്യം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എനിക്ക് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കഴിയുമായിരുന്നു. അതിനാല്‍, യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ കാണുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണമാണ്. എന്റെ ചോദ്യങ്ങള്‍ വളരെ ലളിതമാണ്. എന്തുകൊണ്ടാണ് പ്രതിരോധ കരാറുകള്‍ ഇപ്പോഴും അദാനിക്ക് നല്‍കുന്നത്? എന്തിനാണ് രാജ്യത്തുടനീളമുള്ള മിക്ക വിമാനത്താവളങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിന് കരാര്‍ നല്‍കുന്നത്? പ്രധാനമന്ത്രി മോദിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഗൗതം അദാനിയും ഓസ്ട്രേലിയയില്‍ നിന്നുള്ള നേതാവും തമ്മില്‍ എന്താണ് നടക്കുന്നത്? ഷെല്‍ കമ്പനികളില്‍ ആരുടെ പണമുണ്ടെന്ന് അറിയാനും ഞാന്‍ ആഗ്രഹിക്കുന്നു. ലോക്സഭയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ സ്പീക്കര്‍ നീക്കം ചെയ്തു. പാര്‍ലമെന്റിന് മുന്നില്‍ സംസാരിക്കാന്‍ എന്നെ അനുവദിച്ചാല്‍ ഇവയെല്ലാം പറയാന്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.