Latest News

‘ജനാധിപത്യത്തിന്റെ കൊലപാതകം’: പാർലമെന്റ് സമ്മേളനം അവസാനിപ്പിച്ചതിനെതിരെ പ്രതിപക്ഷം

രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ ഒത്തുകൂടി ചർച്ച നടത്തിയ ശേഷമാണ് പ്രതിപക്ഷ പാർട്ടികളിലെ ഉന്നത നേതാക്കൾ പാർലമെന്റ് ഹൗസിൽ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ നേതാക്കളുടെ മാർച്ചും പ്രതിഷേധവും. പാർലമെന്റ് വർഷകാല സമ്മേളനം വേഗത്തിൽ അവസാനിപ്പിച്ചതിലും രാജ്യസഭയിൽ എംപിമാരെ മർദിച്ചതിലും പ്രതിഷേധിച്ചാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ പാർലമെന്റിന് പുറത്ത് മാർച്ച് നടത്തിയത്.

“ഇന്ന് ഞങ്ങൾ ഇവിടെ വന്നത് നിങ്ങളോട് സംസാരിക്കാനാണ്. ഞങ്ങൾക്ക് പാർലമെന്റിൽ സംസാരിക്കാൻ അനുമതിയില്ല. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. പാർലമെന്റ് സമ്മേളനം കഴിഞ്ഞു. രാജ്യത്തെ 60 ശതമാനം ജനങ്ങളെ സംബന്ധിച്ച് ഇങ്ങനൊരു പാർലമെന്റ് സമ്മേളനം ഉണ്ടായിട്ടില്ല. 60 ശതമാനം ജനങ്ങളുടെ ശബ്‌ദം അടിച്ചമർത്തപ്പെട്ടു, അപമാനിക്കപ്പെട്ടു,” രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ ഒത്തുകൂടി ചർച്ച നടത്തിയ ശേഷമാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ പാർലമെന്റ് ഹൗസിൽ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. രാഹുൽ ഗാന്ധി, ശരദ് പവാർ, ഖാർഗെ, സഞ്ജയ് റാവത്ത്, മനോജ് ഝാ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്.

രാജ്യസഭയിൽ വനിതാ എംപിമാരെ ആക്രമിച്ചതിനെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് അപലപിച്ചു. “പാർലമെന്റിൽ തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം ലഭിച്ചില്ല. ഇന്നലെ വനിതാ എംപിമാർക്ക് എതിരെ നടന്ന സംഭവം ജനാധിപത്യത്തിന് എതിരാണ്. പാകിസ്ഥാൻ അതിർത്തിയിൽ നിൽക്കുന്ന പോലെയാണ് തോന്നിയത്” അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാജ്യസഭയിൽ പ്രതിഷേധിച്ച കോൺഗ്രസ് വനിതാ എംപിമാരെ പുരുഷ മാർഷലുകൾ ശാരീരികമായി ഉപദ്രവിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. കോൺഗ്രസിലെ ഛായാ വർമയും ഫൂലോ ദേവി നേതയുമാണ് തങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ ഉപദ്രവിച്ചെന്ന് ആരോപണമുയർത്തിയത്.

തന്റെ 55 വർഷത്തെ പാർലമെന്റ അനുഭവത്തിൽ ബുധനാഴ്ച ഉണ്ടായതു പോലെ വനിതാ എംപിമാർ ആക്രമിക്കപ്പെടുന്ന സംഭവം താൻ കണ്ടിട്ടില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. പുറത്തുനിന്നും കൊണ്ടുവന്ന ചിലർ ഉൾപ്പെടെ നാല്പതിലധികം പുരുഷ, വനിതാ മാർഷലുകളെയും സുരക്ഷാ ജീവനക്കാരെയും രാജ്യസഭയിൽ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. “ഇത് വേദനാജനകമാണ്. ഇത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്, ”പവാർ പറഞ്ഞു.

വലിയ രീതിയിൽ സുരക്ഷാ ജീവനക്കാരെ വിന്യസിച്ചാണ് ജിഐസിയെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള ഇൻഷുറൻസ് ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയതെന്ന് രാജ്യസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ് പറഞ്ഞു. “ബിജെപിയോട് അടുപ്പമുള്ള പ്രതിപക്ഷ പാർട്ടികളുടെ താത്പര്യം അവഗണിച്ചു അവർ അത് തിരഞ്ഞെടുത്ത കമ്മറ്റിക്ക് അയക്കാൻ വിസമ്മതിച്ചു. അന്ന് വൈകുന്നേരം നടന്നത് ക്രൂരതയെക്കാൾ മോശമായതാണ്” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

“പാർലമെന്റിലെ പ്രിസൈഡിങ് ഓഫീസർമാർ നിഷ്പക്ഷരായിരിക്കണം, പക്ഷപാതം കാണിക്കാൻ കഴിയില്ല. സഭയിൽ നടക്കുന്നതിന്റെ ഏകപക്ഷീയമായ ഒരു ചിത്രം അവതരിപ്പിക്കാനോ സ്ഥിതി കൂടുതൽ വഷളാക്കുകയോ അവർ ചെയ്യാൻ പാടില്ല. തെറ്റായ വികാരങ്ങൾ ബഹളത്തിലേക്ക് നയിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: സമൂഹ മാധ്യമങ്ങളിലെ സംവാദങ്ങളില്‍ നിന്ന് കക്ഷികള്‍ വിട്ടു നില്‍ക്കണം; പെഗാസസില്‍ സുപ്രീം കോടതി

പ്രശ്നങ്ങളെത്തുടർന്ന് പാർലമെന്റ് സമ്മേളനം നേരത്തെ നിശ്ചയിച്ചതിലും രണ്ടു ദിവസം മുന്നേ നിർത്തിവയ്ക്കുകയായിരുന്നു. രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും പാർലമെന്റിലെ സംഭവങ്ങളിൽ മനോവിഷമം പ്രകടിപ്പിച്ചു. ഉപരാഷ്ട്രപതി വിതുമ്പിക്കരയുകയും ചെയ്തിരുന്നു.

ജൂലൈ 19നു വർഷകാല സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ പെഗാസസ് വിഷയം, കാർഷിക നിയമങ്ങൾ, കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച തുടങ്ങിയ വിഷയങ്ങളുടെ മേൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും നിരവധി തവണ സഭ നടപടികൾ സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi parliament opposition protests

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express