കൊച്ചി:കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കു മത്സരിക്കുന്ന കാര്യത്തില്‍ മുന്‍ നിലപാടില്‍ തന്നെയാണുള്ളതെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷപദവി ഒരു സംഘടനാ പദവി മാത്രമല്ല, ഇന്ത്യയുടെ ആദര്‍ശത്തിന്റെ പ്രതിരൂപമാണ്. ഈ പദവി ചരിത്രപരമായ പദവിയാണ്. അധ്യക്ഷപദവിയില്‍ എത്തുന്നത് ആരായാലും അത് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷനാകുമോ എന്ന ചോദ്യത്തിന് നിലപാടില്‍ മാറ്റമില്ലെന്നും തന്റെ മുന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ പരിശോധിക്കാനാണ് രാഹുല്‍ ആവര്‍ത്തിച്ച് മറുപടി നല്‍കിയത്. മത്സരിക്കുമോയെന്ന ചോദ്യത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പല തവണ മറുപടി പറഞ്ഞതാണ്. അതു പരിശോധിച്ചാല്‍ തനിക്കു പറയാനുള്ളതു വ്യക്തമാവുമെന്ന് രാഹുല്‍ പറഞ്ഞു. ഏതു കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കാം. മത്സരം നടക്കണമെന്നു തന്നെയാണ് തന്റെ നിലപാടെന്ന് രാഹുല്‍ പറഞ്ഞു.
കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ ഐ എ നടത്തിയ റെയ്ഡില്‍ എല്ലാ തരം വര്‍ഗീയതയും അക്രമവും നേരിടേണ്ടതാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ മറുപടി. താന്‍ എല്ലാത്തരം ആക്രമണങ്ങള്‍ക്കും എതിരാണ്. ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സമയമില്ലാത്തതില്‍ ആശങ്ക വേണ്ട. അവിടെ എന്ത് ചെയ്യണമെന്ന് പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ചുള്ള ചോദ്യത്തിന്, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കാവും ഇതില്‍ കൂടുതല്‍ നന്നായി മറുപടി പറയാനാവുകയെന്ന് രാഹുല്‍ പ്രതികരിച്ചു. ചില ഇടതുമുന്നണി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകള്‍ നേര്‍ന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയെ ഒരുമിപ്പിക്കുന്നതിനാണ് ഭാരത് ജോഡോ യാത്രയെന്നും ബി.ജെ.പിയെന്ന എ.ടി.എം മെഷീനെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ രാജ്യത്തിന്റെ പ്രധാന പ്രശ്നമാണ്. കേരളത്തില്‍ ഭാരത് ജോഡോ യാത്ര വന്‍ വിജയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.