ന്യൂഡല്‍ഹി : ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ്‌ഷാക്കുണ്ടായ സാമ്പത്തിക ലാഭത്തെകുറിച്ച് ഒന്നും തന്നെ പ്രസിദ്ധീകരിക്കരുത് എന്നു ‘ദി വയറിനെ’ നിര്‍ദ്ദേശിച്ച അഹമദബാദ് കോടതി വിധിക്ക് പിന്നാലെ. നരേന്ദ്ര മോദിയ്ക്ക് നേരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഷാ-സാദയെ” (രാജകുമാരന്‍) കുറിച്ച സംസാരിക്കുകയോ ആരെയും സംസാരിക്കാന്‍ അനുവദിക്കുകയോ ഇല്ല എന്നാണ് വെള്ളിയാഴ്ച രാഹുല്‍ഗാന്ധി പറഞ്ഞത്.

അര്‍ത്ഥംവെച്ചുള്ള ഹിന്ദി ട്വീറ്റില്‍ രാഹുല്‍ഗാന്ധി ഇങ്ങനെ പറയുന്നു : ” മിത്രോം, ‘ഷാ സാദ’യെ കുറിച്ച് സംസാരിക്കുകയോ ആരെയും സംസാരിക്കാന്‍ അനുവദിക്കുകയോ ഇല്ല “. അഹമദാബാദ് കോടതിയിലെ അഡീഷണല്‍ സീനിയര്‍ സിവില്‍ ജഡ്ജ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൂടി ലക്ഷ്യംവെച്ചാണ് രാഹുലിന്‍റെ ട്വീറ്റ്.

ഒക്ടോബര്‍ എട്ടിനാണ് അമിത് ഷായുടെ മകന്‍ ജയ്‌ഷായുടെ കമ്പനി നരേന്ദ്ര മോദി അധികാരമേറ്റ 2014ല്‍ 16,000 ഇരട്ടിയുടെ ലാഭമുണ്ടാക്കിയെന്ന അന്വേഷണാത്മക റിപ്പോര്‍ട്ട് ‘ദി വയര്‍’ പുറത്തുവിടുന്നത്. റിപ്പോര്‍ട്ടിനു പിന്നാലെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നു ആരോപിച്ചുകൊണ്ട്‌ ഓണലൈന്‍ മാധ്യമത്തിനെതിരെ ജയ്‌ഷാ നൂറുകോടിയുടെ കേസ് നല്‍കിയിരുന്നു.

ജയ്‌ഷാക്കെതിരായ തുടര്‍ റിപ്പോര്‍ട്ടുകള്‍ തടഞ്ഞുകൊണ്ടുള്ള കോടതിവിധിയെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ട്‌ സഹിതമായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍റെ ട്വീറ്റ്. ജയ്‌ഷാക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസും പ്രതിപഷകക്ഷികളും നിരന്തരം ആക്രമിക്കുന്നുണ്ട് എങ്കിലും. നിശബ്ദത കൈവിടാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

നേരത്തെ ജയ്‌ ഷായെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ നിയമോപദേശം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയും രാഹുല്‍ഗാന്ധി പ്രതികരിച്ചിരുന്നു. ” ഷാ സാദയ്ക്ക് സര്‍ക്കാരിന്‍റെ നിയമസഹായം !! വൈ ദിസ്‌ വൈ ദിസ് കൊലവെറി ഡാ ?” എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് ജയ്‌ഷായ്ക്ക് വേണ്ടി കേസ് വാദിക്കുന്നത്.

Read More : ജയ്‌ ഷാക്കെതിരായ അഴിമതിയാരോപണം; ആയുധമാക്കി പ്രതിപക്ഷം, മാനനഷ്ടക്കേസ് നല്‍കി ജയ്‌

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ