ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ പരിസ്ഥിതിക ആഘാത പഠന (ഇഐഎ) വിജ്ഞാപനത്തെക്കുറിച്ച് വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് അപമാനകരമാണെന്ന് മാത്രമല്ല, അപകടകരമാണെന്നും ഇഐഎയെക്കുറിച്ച് രാഹുൽ പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി വർഷങ്ങളായി നടത്തിയ കഠിനാധ്വാനത്തിലൂടെ നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാൻ കരട് നിയമത്തിന് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇത് പരിഗണിക്കുക: നമ്മുടെ ‘സ്വച്ഛ് ഭാരത്’ പ്രചാരണ സർക്കാരിന്റെ അഭിപ്രായത്തിൽ,’തന്ത്രപരമായത്’ എന്ന് രേഖപ്പെടുത്തിയാൽ, ഉയർന്ന മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളായ കൽക്കരി ഖനനം, മറ്റ് ധാതു ഖനനം എന്നിവയ്ക്ക് ഇനിമേൽ പരിസ്ഥിതി ആഘാത വിലയിരുത്തൽ ആവശ്യമില്ല. ഇടതൂർന്ന വനങ്ങളിലൂടെയും മറ്റ് പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഹൈവേകൾക്കോ റെയിൽവേ ലൈനുകൾക്കോ വേണ്ടി വൻതോതിൽ മരങ്ങൾ വെട്ടിമാറ്റുന്നതിനും വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനും ഇത് ഇടയാക്കും,” കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ ഫേസ്ബുക്കിൽ കുറിച്ചു.
Read More National News: ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാൻ പറഞ്ഞപ്പോൾ ‘ഇന്ത്യക്കാരിയാണോ’ എന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥ ചോദ്യം ചെയ്തു: കനിമൊഴി
ഒരു പദ്ധതി ആരംഭിച്ചതിന് ശേഷം മാത്രം പാരിസ്ഥികാനുമതി നേടുന്നതിന് അനുമതി നൽകുന്ന ഇഐഎയിലെ വ്യവസ്ഥ ഭീകരമാണെന്ന് രാഹുൽ പറഞ്ഞു. ഒരു പദ്ധതി ആരംഭിച്ച് പരിസ്ഥിതി നശിച്ചശേഷം മാത്രം പാരിസ്ഥിതിക ആഘാത പഠനം മതിയെന്ന ആവസ്ഥയ്ക്കാണ് ഇത് കാരണമാവുക എന്നും രാഹുൽ പറഞ്ഞു.
ഇഐഎ 2020 കരട് ഒരു ദുരന്തമെന്ന് വിശേഷിപ്പിച്ച രാഹുൽ, അത് അഴിച്ചുവിടുന്ന പാരിസ്ഥിതിക തകർച്ചയെ നേരിട്ട് ബാധിക്കുന്ന സമൂഹങ്ങളെ നിശബ്ദമാക്കാൻ ശ്രമം നടക്കുകയാണെന്ന് പറഞ്ഞു. ഇഐഎ 2020 കരടിനെതിരെ ഓരോ ഇന്ത്യക്കാരും മുന്നോട്ട് വന്ന് പ്രതിഷേധമുയർത്തണമെന്നും രാഹുൽ പറഞ്ഞു.
“നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള എല്ലാ പോരാട്ടങ്ങളിലും എല്ലായ്പ്പോഴും മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ യുവാക്കൾ ഈ വിഷയം ഏറ്റെടുക്കണം. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടം രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിശ്വാസങ്ങളെ മറികടക്കുന്നു. മറ്റൊന്നുമില്ലെങ്കിൽ, കോവിഡ് രോഗബാധ മനുഷ്യജീവിതം എത്ര ദുർബലമാണെന്ന് നമുക്ക് കാണിച്ചുതന്നു,”അദ്ദേഹം കൂട്ടിച്ചേർത്തു.
Read More National News: അമിത്ഷാ എന്തുകൊണ്ടാണ് കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി തിരഞ്ഞെടുത്തതെന്ന് ശശി തരൂർ
ഇഐഎ 2020 സർക്കാർ പ്രാബല്യത്തിൽ വരുത്തിയാൽ, വ്യാപകമായ പാരിസ്ഥിതിക തകർച്ചയുണ്ടാവുമെന്നും അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ “നമുക്കും ഭാവി തലമുറയിലെ ഇന്ത്യക്കാർക്കും വിനാശകരമായി” മാറും എന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് മുമ്പ് മുൻ പരിസ്ഥിതി മന്ത്രി ജയറാം രമേശും കരടിനെതിരെ വിമർശനമുന്നയിച്ചിരുന്നു. കരട് ഇഐഎ 2020 വിജ്ഞാപനത്തോടുള്ള ശക്തമായ എതിർപ്പുകൾ രേഖപ്പെടുത്തേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. “കരട് പ്രതിഫലിപ്പിക്കുന്നത് പരിസ്ഥിതിക്കുവേണ്ടിയുള്ള നിയന്ത്രണത്തെ അനാവശ്യ ബാധ്യതയായി കാണുന്ന ഒരു മാനസികാവസ്ഥയെയാണ്. അല്ലാതെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് വേണ്ടിയും നമ്മുടെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുമുള്ള ഒരു അനിവാര്യ ബാധ്യതയായല്ല അവിടെ കാണുന്നത്,” അദ്ദേഹം പറഞ്ഞു. പദ്ധതികൾ ആരംഭിച്ച ശേഷം മാത്രം പാരിസ്ഥിതികാഘാത പഠനം നടത്തിയാൽ മതിയെന്ന വ്യവസ്ഥയെ അദ്ദേഹം എതിർക്കുകയും ചെയ്തു.
ഒരു പദ്ധതി ആരംഭിച്ചാൽ പരിസ്ഥിതിയിൽ എത്രത്തോളം സ്വാധീനമുണ്ടാക്കും എന്ന് പദ്ധതി ആരംഭിക്കുന്നതിന് മുൻപ് നടത്തേണ്ട പഠനമാണ് പാരിസ്ഥിതികാഘാത പഠനം. നിലവിലെ നിയമം പ്രകാരം രാജ്യത്തെ മിക്ക പദ്ധതികൾക്കും പരിസ്ഥിതി മന്ത്രാലയം ഇത്തരത്തിൽ പഠനം നടത്തി അംഗീകാരം നൽകേണ്ടത് നിർബന്ധമാണ്.
Read More: EIA 2020 disgraceful, dangerous, protest against it: Rahul Gandhi