ന്യൂഡല്‍ഹി: നിരോധിച്ച 99 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയതിന് ശേഷം ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോദിയുടെ മുതലാളിത്ത ചങ്ങാതിമാരെ മാത്രമാണ് നോട്ട് നിരോധനം സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യ തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പത്തിരുപത് മുതലാളിത്ത ചങ്ങാതിമാരെ സഹായിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധിച്ചത്. കറന്‍സി പിന്‍വലിച്ചതിന്റെ ഏക ഉദ്ദേശ്യം അതായിരുന്നു. മോദിയുടെ സുഹൃത്തുക്കള്‍ നോട്ട് നിരോധന വേളയില്‍ കള്ളപ്പണം മുഴുവനും വെളുപ്പിച്ചു. വലിയൊരു അഴിമതിയല്ലാതെ മറ്റൊന്നുമല്ല ഈ നോട്ട് നിരോധനം. 70 വര്‍ഷം കൊണ്ട് ആരും ചെയ്യാത്തത് തങ്ങള്‍ ചെയ്തുവെന്നാണ് മോദി പറഞ്ഞത്. ശരിയാണ് അവരത് ചെയ്തു. അതിന് മോദി തന്നെ ഉത്തരം പറയണം’, രാഹുല്‍ ഗാന്ധി പറഞ്ഞു.

‘രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നോട്ട് നിരോധനം തകര്‍ത്തു കളഞ്ഞു. ആഭ്യന്തര ഉദ്പാദനത്തില്‍ രണ്ട് ശതാനത്തിന്റെയാണ് തകര്‍ച്ച ഉണ്ടായത്. കോടിക്കണക്കിന് പേര്‍ക്കാണ് ജോലി നഷ്ടമായത്. രാജ്യത്തെ യുവാക്കളോട് മോദി മറുപടി പറയണം’, രാഹുല്‍ പറഞ്ഞു.

നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യവസായിയായ അനില്‍ അംബാനി മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത ചോദ്യത്തിനും രാഹുല്‍ മറുപടി പറഞ്ഞു. ‘അനില്‍ അംബാനിക്ക് എത്ര മാനനഷ്ടക്കേസ് വേണമെങ്കിലും ഫയല്‍ ചെയ്യാം. സത്യത്തെ ഇല്ലാതാക്കാന്‍ അതുകൊണ്ടൊന്നും സാധിക്കില്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook