scorecardresearch
Latest News

ട്രക്കിൽ യാത്ര ചെയ്ത് രാഹുൽ ഗാന്ധി, വൈറലായി വീഡിയോ

ഭാരത് ജോഡോ യാത്രയ്ക്കുശേഷം സമൂഹത്തിലെ വിവിധ തൊഴിൽ മേഖലകളിലുള്ളവരുമായി അടുത്തിടപഴകാനുള്ള ശ്രമത്തിലാണ് രാഹുൽ

Rahul Gandhi, congress, ie malayalam
രാഹുൽ ഗാന്ധി ട്രക്കിൽ യാത്ര ചെയ്യുന്നു

ന്യൂഡൽഹി: ഹരിയാനയിലെ മുർതാലിൽനിന്നും അംബാല വരെ ട്രക്കിൽ യാത്ര ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്രക്ക് ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് അറിയുന്നതിനുവേണ്ടിയായിരുന്നു രാഹുലിന്റെ യാത്ര. ഭാരത് ജോഡോ യാത്രയ്ക്കുശേഷം സമൂഹത്തിലെ വിവിധ തൊഴിൽ മേഖലകളിലുള്ളവരുമായി അടുത്തിടപഴകാനുള്ള ശ്രമത്തിലാണ് രാഹുൽ.

ജനനായകൻ എന്ന രീതിയിലാണ് കോൺഗ്രസ് ഇപ്പോൾ രാഹുലിനെ ഉയർത്തിക്കാട്ടുന്നത്. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസ് പേജിൽനിന്നുള്ള നിരവധി ട്വീറ്റുകളിൽ ജനങ്ങളുടെ നേതാവെന്നാണ് രാഹുലിനെ വിശേഷിപ്പിച്ചത്.

അടുത്തിടെ, കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ ഡെലിവറി തൊഴിലാളികളുടെ ജീവിതം തൊട്ടറിയുന്നതിന്റെ ഭാഗമായി രാഹുൽ ഡെലിവറി ഏജന്റിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നു. മാത്രമല്ല, പ്രചാരണത്തിന്റെ ഭാഗമായി ബിഎംടിസി ബസിൽ യാത്ര ചെയ്ത് യാത്രക്കാരുമായി രാഹുൽ സംസാരിച്ചിരുന്നു.

ബസിലെ യാത്രക്കാരായ ചില സ്ത്രീകളോട് കർണാടകയിലെ സർക്കാരിൽനിന്നും അവർ പ്രതീക്ഷിക്കുന്നതെന്താണെന്നടക്കമുള്ള കാര്യങ്ങൾ രാഹുൽ ചോദിച്ചിരുന്നു. കർണാടകയിൽ അധികാരത്തിലെത്തിയാൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു.

Rahul Gandhi, congress, ie malayalam
രാഹുൽ ഗാന്ധി ട്രക്ക് ഡ്രൈവർമാരുമായി സംവദിക്കുന്നു

ഈ മാസമാദ്യം ഡൽഹി യൂണിവേഴ്സിറ്റിയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തിയ രാഹുൽ ഉച്ചഭക്ഷണ സമയത്ത് അവരുമായി സംവദിച്ചിരുന്നു. എന്നാൽ, രാഹുലിന്റെ സന്ദർശനം പെട്ടെന്നുള്ളതും അറിയിക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി സർവ്വകലാശാല അദ്ദേഹത്തിന് നോട്ടീസ് അയച്ചു. ഹോസ്റ്റൽ താമസക്കാരുടെയും ജീവനക്കാരുടെയും അധികാരികളുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി ഭാവിയിൽ ഇത്തരം അനിഷ്ടകരമായ നടപടികളിൽനിന്നും വിട്ടുനിൽക്കാൻ സർവകലാശാല രാഹുലിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഏപ്രിലിൽ, ഡൽഹി യൂണിവേഴ്സിറ്റി നോർത്ത് കാമ്പസിന് സമീപമുള്ള മുഖർജി നഗറിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rahul gandhi now rides with truck drivers