ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസർക്കാരിനെതിരായ പ്രതിപക്ഷ വിമർശനങ്ങളിൽ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത വീഡിയോ വൈറലായി. ഇടക്കിടെ നിന്നുപോകുന്ന ഗ്രാമഫോണുമായി തന്നെ താരതമ്യം ചെയ്ത മോദിയുടെ പരിഹാസത്തിന് മറുപടിയായാണ് കോൺഗ്രസ് അദ്ധ്യക്ഷൻ ഈ ട്വീറ്റ് ഇട്ടത്.

പാർലമെന്റിലടക്കം വിവിധ സ്ഥലങ്ങളിൽ മോദി നെഹ്‌റു കുടുംബത്തിനെതിരെ നടത്തിയ പ്രസംഗങ്ങളിൽ നിന്ന് ഗാന്ധി, നെഹ്റു, ഇന്ദിര, ഇന്ദിര ബെഹൻ, രാജീവ് ഗാന്ധി, സോണിയ, രാഹുൽ ഗാന്ധി തുടങ്ങിയ പേരുകൾ മാത്രമെടുത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

“മിസ്റ്റർ 36 അവതരിപ്പിക്കുന്ന വിഡിയോ ആണിത്. ഇതു നിങ്ങൾ ആസ്വദിക്കുമെന്നു കരുതുന്നു. എല്ലാവർക്കും ആസ്വദിക്കുന്നതിനായി നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരുമായും വിഡിയോ പങ്കുവയ്ക്കുക,” എന്ന് വീഡിയോയ്ക്ക് ഒപ്പം ഇട്ട കുറിപ്പിൽ രാഹുൽ പറയുന്നു.

‘മുൻപ് ഒരുപാട് ഗ്രാമഫോണുകളുണ്ടായിരുന്നു. ഇത് ഉപയോഗിക്കുന്ന സമയത്ത് ചിലപ്പോൾതടസപ്പെട്ടുപോകും. അപ്പോൾ ചിലവാക്കുകൾ വീണ്ടും വീണ്ടും കേൾക്കും. അതുപോലെയാണ് ചില ആളുകൾ. അവരുടെ മനസിൽ ഒരു കാര്യം മാത്രമേ ഉണ്ടാകൂ. അത് അവർ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.’- ഇങ്ങനെയായിരുന്നു മോദിയുടെ പ്രസ്താവന.

കേന്ദ്രസർക്കാരിന്റെ റാഫേൽ ഇടപാടിൽ അഴിമതി ആരോപിച്ചുളള പ്രതിപക്ഷ വിമർശനത്തെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രീതിയിൽ പരിഹസിച്ചത്. ഒക്ടോബറിൽ നടത്തിയ വിമർശനത്തിന് അതേ ഭാഷയിലാണ് രാഹുൽ ഗാന്ധി വിമർശിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ നെഹ്റു മുതൽ രാഹുൽ ഗാന്ധി വരെയുളള ഗാന്ധി കുടുംബാംഗങ്ങളെ കുറിച്ച് മാത്രമാണ് വിമർശിക്കാറുളളതെന്നും യഥാർത്ഥത്തിൽ കേട് വന്ന ഗ്രാമഫോൺ മിസ്റ്റർ 36 ആണെന്നും രാഹുൽ വീഡിയോക്ക് താഴെയെഴുതിയ കുറിപ്പിൽ പറയുന്നു. 36 എന്നത് ഫ്രഞ്ച് ആയുധ നിർമ്മാണ കമ്പനിയുമായി ഒപ്പുവച്ച 36 റാഫേൽ യുദ്ധവിമാനങ്ങൾക്കുളള കരാറിനെയാണ് സൂചിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook