ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കിലുളള നിക്ഷേപം വര്‍ധിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരിച്ച ഇടക്കാല ധനകാര്യ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വിസ് ബാങ്കില്‍ ഉളളത് മുഴുവന്‍ കളളപ്പണം ആണെന്ന് എങ്ങനെ കണക്കാക്കും എന്നായിരുന്നു പിയൂഷ് ഗോയല്‍ ചോദിച്ചത്. വിദശത്തുളള കള്ളപ്പണം മുഴുവന്‍ തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ മോദി സര്‍ക്കാരാണോ സ്വിസ് ബാങ്കില്‍ കള്ളപ്പണം ഇല്ലെന്ന് പറയുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
‘സ്വിസ് ബാങ്കിലുളള കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൗരന്റെ അക്കൗണ്ടിലും 15 ലക്ഷം വീതം ഇടുമെന്നാണ് 2014ല്‍ മോദി പറഞ്ഞത്. നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിലെ കള്ളപ്പണം മുഴുവന്‍ ഇല്ലാതാക്കാനാകും എന്നാണ് 2016ല്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍ 50 ശതമാനം വര്‍ധിച്ച ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം കള്ളപ്പണം അല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. സ്വിസ് ബാങ്കില്‍ കള്ളപ്പണം ഇല്ലത്രേ!’ രാഹുല്‍ ട്വീറ്റ് ചെയ്തു.
അടുത്ത സാമ്പത്തിക വര്‍ഷത്തോടെ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ വിവരം കണ്ടെത്തുമെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞതിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം. കള്ളപ്പണത്തിനെതിരെ മോദി സർക്കാർ കടുത്ത നടപടികൾ എടുക്കുന്നതിനിടെ സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം കഴിഞ്ഞ വർഷം 7,000 കോടി രൂപയായി വർദ്ധിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തായത്. കേന്ദ്ര സർക്കാരിന്റെ കർശന നടപടികളെ തുടർന്ന് മൂന്ന് വർഷമായി സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം കുറഞ്ഞുവരികയായിരുന്നു. എന്നാൽ 2017ൽ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം വർദ്ധിച്ചെന്നാണ് സ്വിസ് ബാങ്കിന്റെ റിപ്പോർട്ട്.