ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തെ കളിയാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പറയാൻ കാര്യമായി ഒന്നുമില്ലാത്തതുകൊണ്ടാണ് മോദി തന്റെ പ്രസംഗം ചുരുക്കിയതെന്ന് രാഹുൽ പറഞ്ഞു. വർഷംതോറും രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി ഉറപ്പു പറഞ്ഞത്. പക്ഷേ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്നിരിക്കുകയാണെന്ന് ഓഗസ്റ്റ് 15 പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞില്ലെന്നും രാഹുൽ വ്യക്തമാക്കി.

2015 ൽ ചരിത്രത്തിലെ ഏറ്റവും നീണ്ട സ്വാതന്ത്ര്യദിന പ്രസംഗം നടത്തി പേരെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ചെങ്കോട്ടയിൽ നടത്തിയത് ചുരുങ്ങിയ പ്രസംഗമായിരുന്നു. വെറും 57 മിനിറ്റ് കൊണ്ടാണ് മോദി ഇത്തവണ തന്റെ പ്രസംഗം പൂർത്തിയാക്കിയത്. പ്രധാനമന്ത്രി പദത്തിലെത്തിയശേഷം കഴിഞ്ഞ നാലു വർഷത്തിനിടയിൽ മോദി നടത്തിയ ഏറ്റവും ചെറിയ പ്രസംഗമായിരുന്നു.

Read More: നരേന്ദ്ര മോദി വാക്കു പാലിച്ചു; 57 മിനിറ്റിൽ ചുരുക്കി ചെങ്കോട്ടയിലെ പ്രസംഗം

ജമ്മു കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കോൺഗ്രസിന് 10 വർഷം കഷ്ടപ്പെടേണ്ടി വന്നുവെന്നും എന്നാൽ അതൊക്കെ ഒറ്റ മാസം കൊണ്ട് മോദി സർക്കാർ തകർത്തുവെന്നും രാഹുൽ പറഞ്ഞു. ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സൈന്യം നുഴഞ്ഞു കയരിയതായുളള വാർത്തകളെക്കുറിച്ചും രാഹുൽ പ്രതികരിച്ചു. കുറച്ചു നാളുകൾക്ക് മുൻപ് ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി അന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഇപ്പോഴിതാ ആയിരക്കണക്കിന് ചൈനീസ് സൈനികർ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറുന്നുവെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

ഗോരഖ്പൂരിൽ ഓകിസജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിക്കാനിടയായ സംഭവത്തിൽ മോദി സർക്കാരിനെ രാഹുൽ കുറ്റപ്പെടുത്തി. ആശുപത്രിക്ക് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങാനാവശ്യമായ ധനസഹായം കേന്ദ്രം നൽകിയില്ലെന്നും ചികിൽസ ലഭിക്കാതെ 90 ലധികം കുഞ്ഞുങ്ങൾ മരിച്ച വിവരം പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ