ലക്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വായ്പ എഴുതി തള്ളുന്നു എന്ന പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഖിലേഷ് യാദവിന്റെയും മായാവതിയുടേയും പിന്തുണയോടെ ഭരണത്തിലിരുന്ന മുന്‍ യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഒമ്പതാം സ്ഥാനത്തെത്തിച്ചെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെ ആറാം സ്ഥാനത്തേക്ക് കൊണ്ടുവന്നെന്നും അമിത് ഷാ പറഞ്ഞു.
ലക്‌നൗവിലെ ഡോ.റാം മനോഹര്‍ ലോഹ്യ യൂണിവേഴ്‌സിറ്റിയില്‍ 'സഹകരിത ബന്ധു സമ്മേളന്‍' അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. ഗുജറാത്തില്‍ ഉണ്ടായ വികസനങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചതാണെന്നും അതൊരു സഹകരണ വിപ്ലവമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ചും അമിത് ഷാ സംസാരിക്കുകയുണ്ടായി. ഭീകരവാദത്തോട് ബിജെപി സര്‍ക്കാരിന് ഒരു തരത്തിലും സഹിഷ്ണുത പുലര്‍ത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
'സ്വാതന്ത്ര്യാനന്തരം, ഏതെങ്കിലും സര്‍ക്കാര്‍ ഭീകരതയ്‌ക്കെതിരെ ഉചിതമായ മറുപടി നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ്. അത് നയതന്ത്രപരമായ രീതിയിലോ, അല്ലെങ്കില്‍ വെടിയുണ്ടയ്ക്ക് വെടിയുണ്ടകൊണ്ട് മറുപടി നല്‍കുകയോ സര്‍ജിക്കല്‍ സ്‌ട്രൈക്കോ എന്തുമാകാം. ബിജെപി സര്‍ക്കാര്‍ മടിച്ചു നിന്നിട്ടില്ല,' അമിത് ഷാ പറഞ്ഞു.