ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനീസ് സ്ഥാനപതിയുമായി ചര്‍ച്ച നടത്തിയതായി കോണ്‍ഗ്രസ് സ്ഥിരീകരണം. ‘കൂടിക്കാഴ്ച്ചയെ ഊതിവീര്‍പ്പിച്ച് അവതരിപ്പിക്കേണ്ടെന്ന്’ കോണ്‍ഗ്രസ് വക്താവ് രൺദീപ്​ സിങ്​ സുർജേവാല അറിയിച്ചു. ജൂലൈ 8ന് ചൈനീസ് സ്ഥാനപതി ലുവോ സാഹോയിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയതായി ചൈനീസ് എംബസിയുടെ ഔദ്യോഗിക വൈബ്സൈറ്റില്‍ കുറിച്ചിരുന്നു.

ഇന്തോ-ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ചാണ് ചര്‍ച്ച നടന്നതെന്നും വൈബ്സൈറ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ ഈ കുറിപ്പ് വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച്​ ചർച്ച ചെയ്യുന്നതിന്​ രാഹുൽ ഗാന്ധി ചൈനീസ്​ സ്ഥാനപതിയുമായി ചര്‍ച്ച നടത്തിയെന്നും ഇതില്‍ എന്താണ് പ്രശ്നമെന്നും കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയാ വക്താവ് രമ്യ ട്വീറ്റ് ചെയ്തു.

രാഹുലി​​​ന്റെ കൂടിക്കാഴ്​ചയെ വിമർശിച്ച്​ ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. 1961 യുദ്ധത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുളള ബന്ധം ഇത്രയും വഷളായിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കഴിഞ്ഞയാഴ്ച്ച രാഹുല്‍ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ