ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മെഹ്ബുബയെ ഉടൻ വിട്ടയക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.

രാഷ്ട്രീയ നേതാക്കളെ കേന്ദ്രസർക്കാർ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുമ്പോൾ ഇന്ത്യയുടെ ജനാധിപത്യം തകരാറിലാവുകയാണെന്ന് രാഹുൽ പറഞ്ഞു. മെഹ്ബൂബ മുഫ്തി പുറത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

Read More: ജമ്മുകശ്മീര്‍: സജാദ് ലോണിനെ മോചിപ്പിച്ചു; മെഹബൂബ മുഫ്തിയുടെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

പൊതു സുരക്ഷാ നിയമം (പിഎസ്എ) ചുമത്തിയാണ് മുൻ മുഖ്യമന്ത്രിയെ തടവിലിട്ടിരിക്കുന്നത്. ഓഗസ്റ്റ് 5 നാണ് മെഹ്ബൂബ മുഫ്തിയുടെ തടവ് അവസാനിക്കേണ്ടിയിരുന്നത്. പി‌എസ്‌എ പ്രകാരം കശ്മീരിൽ ഇപ്പോഴും തടങ്കലിൽ പാർപിച്ചിരിക്കുന്ന ഏക മുഖ്യധാരാ രാഷ്ട്രീയ നേതാവാണ് മെഹ്ബൂബ.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 നാണ് 61 കാരിയായ മുൻ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത അതേ ദിവസമായിരുന്നു നടപടി.

Read More National News: നിയമസഭാ സമ്മേളനം പ്രഖ്യാപിച്ചതോടെ കുതിരക്കച്ചവടത്തിന്റെ വില കൂടി: അശോക് ഗെഹ്‌ലോട്ട്

ആറുമാസത്തോളം കരുതൽ തടങ്കലിലായിരുന്നു മെഹബൂബ. തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ അവർക്കെതിരെ പിഎസ്എ പ്രകാരം കേസെടുക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രിയും മെഹ്ബൂബയുടെ രാഷ്ട്രീയ എതിരാളിയുമായ ഒമർ അബ്ദുല്ലയ്‌ക്കെതിരേയും ഈ വകുപ്പ് പ്രകാരം ഫെബ്രുവരിയിൽ കേസെടുത്തിരുന്നു.

ഒമർ അബ്ദുല്ലയെ മാർച്ച് 24 ന് വിട്ടയച്ചപ്പോളും മുഫ്തി തടങ്കലിൽ തുടർന്നു. ഏപ്രിൽ 7 ന് മെഹ്ബൂബയെ ഔദ്യോഗിക വസതിയിലേക്ക് മാറ്റുകയും അവിടെ താൽക്കാലിക ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read More National News: സൈന്യത്തെക്കുറിച്ചുള്ള സിനിമകൾക്ക് പ്രത്യേക അനുമതി പത്രം നിർബന്ധമാക്കണമെന്ന് പ്രതിരോധ മന്ത്രാലയം

പി‌എസ്‌എ പ്രകാരം മുഫ്തിയ്‌ക്കെതിരേ കേസെടുത്തപ്പോൾ സമർപിച്ച രേഖകളിൽ അവരുടെ പാർട്ടിയുടെ പച്ച നിറത്തിലുള്ള പതാകയെക്കുറിച്ചും പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിന് 1987ലെ മുന്നണിയായ മുസ്ലീം യുണൈറ്റഡ് ഫ്രണ്ടിന്റെ ചിഹ്നത്തോട് സാമ്യമുണ്ടെന്നും പറഞ്ഞിരുന്നു. 370ാം അനുച്ഛേദം റദ്ദാക്കിയതിനെക്കുറിച്ച് സംസാരിക്കില്ലെന്ന് ഉറപ്പുനൽകുന്ന കരാറിൽ ഒപ്പുവയ്ക്കാൻ മെഹ്ബൂബ വിസമ്മതിച്ചെന്നതും പിഎസ്എ ചുമത്താനുള്ള കാരണങ്ങളിലൊന്നായി അതിൽ പറയുന്നു.

മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരവും മെഹ്ബൂബയുടെ തടവ് നീട്ടിയതിനെതിരേ വിമർശനം ഉന്നയിച്ചിരുന്നു. മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ “നിയമലംഘനം” ആണെന്നും “രാജ്യത്തെ ഓരോ പൗരന്റെയും ഭരണഘടനാ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണം” ആണെന്നും ചിദംബരം പറഞ്ഞിരുന്നു.

Read More: Rahul Gandhi demands Mehbooba Mufti’s release, says democracy is damaged

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook