പനജി: അസുഖബാധിതനായി തുടരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. റഫേലിലെ രഹസ്യവിവരങ്ങള്‍ പരീക്കറിന്റെ കൈയ്യിലുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. റഫേലിലെ രഹസ്യവിവരങ്ങള്‍ കൈയ്യിലുളളത് കാരണം പരീക്കറിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഒരു ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതില്‍ രാഹുല്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഇന്ന് പരീക്കറിനെ കണ്ടത് സ്വകാര്യ സന്ദര്‍ശനമാണെന്നും അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ചതായും രാഹുല്‍ വ്യക്തമാക്കി. സന്ദര്‍ശനത്തില്‍ റഫേല്‍ ഇടപാട് പരാമര്‍ശിച്ചില്ലെന്നും സുഖമില്ലാതിരിക്കുന്ന പരീക്കറിന് രാഹുല്‍ ആശംസ നേര്‍ന്നതായും ഗോവ കോണ്‍ഗ്രസ് പറഞ്ഞു.

ഗോവ ഓഡിയോ ടേപ്പ് പുറത്ത് വന്നിട്ട് ഒരു മാസമായിട്ടും അന്വേഷണം ഇല്ലാത്തതിനെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. 63കാരനായ പരീക്കര്‍ പാന്‍ക്രിയാറ്റിക് ചികിത്സയ്ക്ക് ശേഷം ഈ മാസം ആദ്യമാണ് ഓഫീസിലെത്തിയത്. 2018 ഓഗസ്റ്റിലാണ് പരീക്കര്‍ അവസാനമായി സെക്രട്ടേറിയേറ്റില്‍ എത്തിയത്. അതിനു ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റുകയായിരുന്നു.

റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒട്ടേറെ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും റിലയന്‍സിന് കോടികളുടെ കരാര്‍ ലഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടുനിന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇടപാട് നടന്ന വേളയില്‍ പ്രതിരോധ മന്ത്രിയായിരുന്നു പരീക്കര്‍.

ഗോവയിലെ ബിജെപിയുടെ സമ്മര്‍ദ്ദം കാരണമാണ് പരീക്കറെ വീണ്ടും ഗോവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിളിച്ചത്. തുടര്‍ന്ന് അദ്ദേഹം പ്രതിരോധ മന്ത്രിപദം ഒഴിഞ്ഞ് ഗോവയില്‍ മുഖ്യമന്ത്രിയാകുകയായിരുന്നു. ശേഷം നിർമല സീതാരാമന്‍ പ്രതിരോധ മന്ത്രി പദം ഏറ്റെടുത്തു. കഴിഞ്ഞ മാസം ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ ഒരു മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ച ഓഡിയോ സന്ദേശമാണ് പുറത്തായത്. റഫേല്‍ ഇടപാടിന്റെ പ്രധാന രേഖകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും എല്ലാം പരീക്കറുടെ സ്വകാര്യ വസതിയിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം ഓഡിയോയിൽ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook