ചെന്നൈ: ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിയ രാഹുൽ കരുണാനിധിയുടെ ആരോഗ്യവിവരങ്ങൾ തിരക്കി. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെടട്ടേയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
‘ഞാൻ അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണ്. 94കാരനായ കരുണാനിധി തമിഴ് ജനതയുടെ വികാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിക്ക് കരുണാനിധിയുടെ കുടുംബവുമായി ദീർഘകാലബന്ധമുണ്ട്. കരുണാനിധിയുടെ കുടുംബത്തിന് സോണിയ ഗാന്ധിയുടെ ആശംസകൾ കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കരുണാനിധിയുടെ രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞത് ആശങ്ക പരത്തിയിരുന്നെങ്കിലും ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. ശനിയാഴ്ച പുലർച്ചെയാണു കരുണാനിധിയെ ഗോപാലപുരത്തെ വസതിയിൽനിന്ന് കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രി പരിസരം ഡിഎംകെ അണികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, നടൻ സത്യരാജ് തുടങ്ങിയവർ കരുണാനിധിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.