ന്യൂഡൽഹി: ദീപാവലിക്ക് ശേഷം കോൺഗ്രസ്സിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സച്ചിൻ പൈലറ്റ്. പാർട്ടി ഉപാദ്ധ്യക്ഷനായ രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ട സമയമായെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

ഗാന്ധിയെന്ന പേരല്ല, മറിച്ച് പൊതുപ്രവർത്തനത്തിലെ മികവാണ് അദ്ധ്യക്ഷനെ നിശ്ചയിക്കുന്നതിന് ആധാരമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ഗാന്ധിയെന്ന പേര് യോഗ്യതയോ അയോഗ്യതയോ ആകുന്നില്ല. “കോൺഗ്രസിനകത്ത് സംഘടനാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ദീപാവലിക്ക് ശേഷം രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.”

പാർട്ടിക്കകത്ത് പൊതുവേ ഈ അഭിപ്രായമാണ് ഉയർന്നുനിൽക്കുന്നതെന്നാണ് തനിക്ക് മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധി പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങണോ വേണ്ടയോ എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് സച്ചിൻ പൈലറ്റ് ഒരു ചോദ്യത്തിന് മറുപടി നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ